ഡു പ്ലെസിസിന്റെയും മാക്‌സ്വെല്ലിന്റെയും വെടിക്കെട്ട് പാഴായി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആര്‍സിബിക്ക് എട്ട് റണ്‍സ് തോല്‍വി

ബാംഗ്ലൂരിന് വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്‍ 36 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം 76 റണ്‍സ് നേടി

രേണുക വേണു| Last Modified ചൊവ്വ, 18 ഏപ്രില്‍ 2023 (07:40 IST)

ബാറ്റിങ് പറുദീസയായ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ 40 ഓവറില്‍ പിറന്നത് 444 റണ്‍സ് ! ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാനം എട്ട് റണ്‍സിന്റെ ജയം ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ബാംഗ്ലൂരിന് വേണ്ടി ഗ്ലെന്‍ മാക്‌സ്വെല്‍ 36 പന്തില്‍ മൂന്ന് ഫോറും എട്ട് സിക്‌സും സഹിതം 76 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസിസ് 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 62 റണ്‍സ് സ്വന്തമാക്കി. 15-2 എന്ന നിലയില്‍ പരുങ്ങലിലായ ബാംഗ്ലൂരിനെ ഡു പ്ലെസിസും മാക്‌സ്വെല്ലും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. പിന്നീട് ടീം ടോട്ടല്‍ 141 ആയപ്പോഴാണ് ബാംഗ്ലൂരിന് അടുത്ത വിക്കറ്റ് നഷ്ടമാകുന്നത്. എന്നാല്‍ ഡു പ്ലെസിസ്-മാക്‌സ്വെല്‍ സഖ്യം തകര്‍ന്നതിനു പിന്നാലെ ബാംഗ്ലൂരിന് കാര്യങ്ങള്‍ കൈവിട്ടു. ദിനേശ് കാര്‍ത്തിക്ക് (14 പന്തില്‍ 28) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ശക്തമായ മധ്യനിരയില്ലാത്തതും ഫിനിഷറുടെ റോള്‍ വഹിക്കാന്‍ മികച്ചൊരു പ്ലെയര്‍ ഇല്ലാത്തതുമാണ് ബാംഗ്ലൂരിന് വിനയായത്.

നേരത്തെ ഡെവന്‍ കോണ്‍വെ, ശിവം ദുബെ, അജിങ്ക്യ രഹാനെ എന്നിവരുടെ മികവിലാണ് ചെന്നൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഡെവന്‍ കോണ്‍വെ 45 പന്തില്‍ 83 റണ്‍സ് നേടി ടോപ് സ്‌കോററായി. ശിവം ദുബെ 27 പന്തില്‍ 52 റണ്‍സും അജിങ്ക്യ രഹാനെ 20 പന്തില്‍ 37 റണ്‍സും നേടി. മൊയീന്‍ അലി ഒന്‍പത് പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :