HBD Sachin Tendulkar: സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ്

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (14:34 IST)
ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ഇന്ന് മാസ്റ്റർ ബ്ലാസ്റ്റർ ടെൻഡുൽക്കറിന്റെ ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. സച്ചിന്റെ 24 വർഷം നീണ്ട് നിന്ന കരിയറിലെ പല അവിസ്മരണീയ മുഹൂർത്തങ്ങളും ഇന്ന് ചർച്ചയാവുന്നുണ്ട്. എന്നാൽ ഇതിൽ തന്നെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് കായിക പ്രേമികൾ വിലയിരുത്തിയ മത്സരമാണ് 1998ൽ തന്റെ പിറന്നാൾ ദിനത്തിൽ ഷാര്‍ജയിൽ നടന്ന കൊക്കകോള കപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ നേടിയ സെഞ്ചുറി. പിന്നീട് ഷാർജയിലെ കൊടുങ്കാറ്റ് എന്ന പേരിൽ ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ട ഇന്നിങ്സ്. വെറും ഒരു കളിക്കാരൻ എന്ന നിലയിൽ നിന്നും സച്ചിനെ ഇതിഹാസമാക്കി ഉയർത്തിയ ഇന്നിങ്സ്.

1998ലെ ഒരു ഏപ്രിൽ 24നായിരുന്നു ഐതിഹാസികമായ ആ ഇന്നിങ്സിന്റെ പിറവി.ഇന്ത്യ ന്യൂസിലൻഡ് ഓസ്ട്രേലിയ എന്നിവർ ഏറ്റുമുട്ടിയ ഷാർജ കപ്പിൽ ഫൈനലിൽ ഇന്ത്യക്ക് എതിരാളിയായുള്ളത് ശക്തരായ ഓസീസ്.ലോക ഒന്നാം നമ്പർ ടീമായ ഓസീസിനെ തോൽപ്പിക്കുക എന്നത് അത്രയും പ്രയാസമേറിയതായ സമയം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 272 റണ്‍സെടുത്തു. അന്നത്തെ കാലത്തെ വമ്പൻ ടോട്ടൽ തന്നെയായിരുന്നു അത്.

ഷെയ്‌ൻ വോൺ അടക്കമുള്ള ബൗളിങ് നിരക്ക് എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയുമായിരുന്ന ടോട്ടൽ. എന്നാൽ ഷാർജയിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്നു സച്ചിൻ.അതിന് രണ്ടുദിവസം മുമ്പ് (ഏപ്രില്‍ 22ന്) ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സച്ചിന്‍ സെഞ്ചുറി നേടിയിരുന്നു.അന്ന് ആ മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യ തോറ്റെങ്കിലും ന്യൂസിലൻഡിനും ഒരേ പോയിന്റ് ആയതിനാൽ റൺറേറ്റ് അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിൽ കയറുകയായിരുന്നു.

മത്സരവും സെമി ഫൈനൽ മത്സരവും സച്ചിന്റെ ഒറ്റയാൻ പ്രകടനങ്ങളായിരുന്നു. ഫൈനലിൽ 134 റൺസെടുത്ത സച്ചിന്റെ ബലത്തിൽ മണല്‍ക്കാറ്റിനെയും ഷെയ്ന്‍ വോണ്‍, ഡാനിയന്‍ ഫ്‌ളെമിങ്, മൈക്കല്‍ കാസ്പറോവിച്ച് എന്നിവരുടെ മാരക ബൗളിങ്ങിനെയും കീഴടക്കി ഇന്ത്യൻ വിജയം. നിർണായകമായതാവട്ടെ സെമിയിൽ ഓസീസിനെതിരെയുള്ള സച്ചിന്റെ 143 റൺസ് പ്രകടനവും ഫൈനലിലെ 134 റൺസ് പ്രകടനവും.

ഇന്നും ആ മത്സരങ്ങളെ കുറിച്ച് ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് പിന്നീട് സ്പിൻ മാന്ത്രികനായ ഷെയ്‌ൻ വോൺ പ്രതികരിച്ചത്. വീണ്ടും ഒരു പിറന്നാൾ ദിനം കൂടി വന്നെടുക്കുമ്പോൾ ഷാർജയിലെ ആ പ്രകടനത്തിനും ഒരു വയസ്സേറുകയാണ്. ആ കൊടു‌ങ്കാറ്റ് പിറന്നതും ഒരു പിറന്നാൾ ദിനത്തിൽ ആയിരുന്നല്ലോ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :