അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (14:56 IST)
ഈ മാസം 12, 13 തിയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന
ഐപിഎൽ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. വിദേശ താരങ്ങളും യുവതാരങ്ങളും മാറ്റുരയ്ക്കുന്ന ഐപിഎൽ താരലേലത്തിൽ ഏറ്റവും മൂല്യമേറിയ കളിക്കാരനാകുക ഒരു വെറ്ററൻ താരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസീസ് താരമായ ബ്രാഡ് ഹോഗ്.
കഴിഞ്ഞ സീസണിൽ ചെന്നൈയ്ക്കായി റൺവേട്ടയിൽ രണ്ടാമതെത്തിയ ഓപ്പണിങ് താരമായ ഫാഫ് ഡുപ്ലെസിയായിരിക്കും ഇത്തവണ ലേലത്തിലെ താരമെന്നാണ് ഹോഗ് പറയുന്നത്.ബാംഗ്ലൂര്‍, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവക്കു പുറമെ ഡൂപ്ലെസിയുടെ നിലവിലെ ടീമായ ചെന്നൈയും ദക്ഷിണാഫ്രിക്കന്‍ താരത്തിനായി മത്സരരംഗത്തുണ്ടാവുമെന്നും താരത്തിന് 10 കോടിയ്ക്ക് മുകളിൽ പ്രതിഫലം ലഭിക്കുമെന്നുമാണ് ബ്രാഡ് ഹോഗിന്റെ പ്രവചനം.
ഓപ്പണിങിലെ സ്ഥിരതയ്ക്കൊപ്പം മികച്ച നേതൃപാടവവും ഡൂപ്ലെസിയെ സ്വന്തമാക്കാന്‍ ടീമുകളെ പ്രേരിപ്പിക്കുന്ന ഘടകമാണെന്നും ഹോഗ് വ്യക്തമാക്കി. 2011ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ ഡുപ്ലെസി 2016, 2017 സീസണുകളിലൊഴികെ എല്ലാ സീസണുകളിലും ചെന്നൈക്കായി കളിച്ച താരമാണ്. ചെന്നൈയുടെ മൂന്ന് കിരീടനേട്ടങ്ങളിലും ഡുപ്ലെസി പങ്കാളിയാണ്.
കഴിഞ്ഞ ഐപിഎൽ സീസണിൽ 16 മത്സരങ്ങളില്‍ 633 റണ്‍സായിരുന്നു ഡൂപ്ലെസി അടിച്ചെടുത്തത്.