അഭിറാം മനോഹർ|
Last Modified വ്യാഴം, 26 ഡിസംബര്‍ 2024 (09:50 IST)
ഇന്ത്യ- ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ യുവതാരമായ സാം കോണ്‍സ്റ്റസുമായി ഉടക്കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ സെഷനിടെ ആയിരുന്നു സംഭവം. മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഭയമേതുമില്ലാതെയാണ് കോണ്‍സ്റ്റാസ് കളിച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ പോലും 19കാരനായ യുവതാരം ആക്രമണം അഴിച്ചുവിട്ടിരുന്നു.
മത്സരത്തില്‍ കോണ്‍സ്റ്റാസ് 27 റണ്‍സില്‍ നില്‍ക്കെയായിരുന്നു സംഭവം. കോണ്‍സ്റ്റാസ് നടക്കുന്നതിനിടെ കോലി ഇടയില്‍ കയറി യുവതാരത്തിന്റെ ചുമലില്‍ തട്ടുന്ന വിധത്തില്‍ നടക്കുകയായിരുന്നു. ഇതിന് പിന്നാലെ സാം കോണ്‍സ്റ്റാസ് കോലിയോട് കയര്‍ക്കുകയും ഒടുവില്‍ ഉസ്മാന്‍ ഖവാജ വന്ന് കോലിയെ അനുനയിപ്പിക്കുകയുമായിരുന്നു. സംഭവം കൈവിട്ട് പോകാതിരിക്കാന്‍ അമ്പയര്‍മാര്‍ കൂടി വന്നതോടെയാണ് രംഗം ശാന്തമായത്. ഈ സമയത്ത് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിംഗ് രൂക്ഷഭാഷയിലാണ് കോലിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചത്.
ഫീല്‍ഡര്‍മാര്‍ ബാറ്റര്‍മാരുടെ അടുത്തേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ലെന്നും ഒരു ബാറ്റര്‍ പോകുന്ന വഴി ഏതെന്ന് ഫീല്‍ഡര്‍ക്ക് കൃത്യമായി അറിയാമെന്നും പോണ്ടിംഗ് പറഞ്ഞു.
കോണ്‍സ്റ്റാസ് കുറച്ച് ലേറ്റായാണ് കണ്ടതെന്നാണ് മനസിലായത്. ആരാണ് മുന്നിലെന്ന് ഒരു നിമിഷം മനസിലായികാണില്ല. കോലി ഒരു പ്രശ്‌നം സൃഷ്ടിക്കാനായി ചെയ്ത പോലെ തോന്നുന്നു. പോണ്ടിംഗ് പറഞ്ഞു. അതേസമയം 19കാരനായ യുവതാരം മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സുമായി മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്.