ഗംഭീർ അതിരുവിട്ടു, പ്രസ്താവനയിൽ ബിസിസിഐയ്ക്ക് അതൃപ്തി, നടപടി ഉടനില്ല, ടി20 ലോകകപ്പിന് ശേഷം തീരുമാനം

Indian Team, Test Series, India vs SA, Gautam Gambhir,Cricket News,ഇന്ത്യൻ ടീം, ടെസ്റ്റ് സീരീസ്, ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഗൗതം ഗംഭീർ,
അഭിറാം മനോഹർ| Last Modified വെള്ളി, 28 നവം‌ബര്‍ 2025 (18:20 IST)
ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പിച്ചിനെ പറ്റി നടത്തിയ പ്രസ്താവനയില്‍ ബിസിസിഐയ്ക്ക് അതൃപ്തി. കൊല്‍ക്കത്തയില്‍ നടന്ന മത്സരം രണ്ടര ദിവസം കൊണ്ട് പൂര്‍ത്തിയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 124 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 30 റണ്‍സ് അകലെ അവസാനിച്ചിരുന്നു.

സ്പിന്നിനെ അമിതമായി പിന്തുണച്ച പിച്ചായിരുന്നു മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ മത്സരശേഷം തങ്ങള്‍ ആഗ്രഹിച്ച് പിച്ച് തന്നെയാണ് ലഭിച്ചതെന്നും പിച്ചിനെ കുറ്റം പറയാന്‍ തയ്യാറല്ലെന്നും ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ക്യൂറേറ്റര്‍ ഒരുക്കിയത് മികച്ച പിച്ചായിരുന്നുവെന്നും മികച്ച പ്രകടനം ബാറ്റര്‍മാര്‍ പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഗംഭീര്‍ മത്സരശേഷം പറഞ്ഞിരുന്നു. ഗംഭീര്‍ നടത്തിയ ഈ പ്രസ്താവനയില്‍ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം ഗംഭീറിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

2 മാസങ്ങള്‍ക്കപ്പുറം നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഗംഭീറിനെ പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികളെ പറ്റി ആലോചിക്കുക. നിലവില്‍ ചെറിയ കാലയളവിലേക്ക് മറ്റാരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറുമായി ബിസിസിഐയ്ക്ക് കരാറുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :