ലോകകപ്പിന് മുൻപ് താരങ്ങളെ പരിക്കാക്കി തിരിച്ചുനൽകരുത്, ഐപിഎൽ ടീമുകൾക്ക് താക്കീത് നൽകി ബിസിസിഐ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (14:03 IST)
ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ വീണ്ടും ഒരു സീസണിൻ്റെ തിരക്കുകളിലേക്ക് മടങ്ങുകയാണ്. ആരാധകരെല്ലാം തങ്ങളുടെ ടീമുകൾക്കായി കൂട്ടമായി തിരിഞ്ഞാകും ഇനി 2 മാസം ക്രിക്കറ്റ് ആവേശത്തിൽ ചെലവഴിക്കുക. എങ്കിലും ഇത്തവണ ഇന്ത്യൻ താരങ്ങൾ മത്സരിക്കുമ്പോൾ നെഞ്ചിടിക്കുന്നത് ബിസിസിഐയ്ക്ക് കൂടിയാണ്. ഐപിഎല്ലിൽ സൂപ്പർ താരങ്ങളിൽ ആർക്കെങ്കിലും പരിക്കേൽക്കുകയാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ അത് മോശമായി ബാധിച്ചേക്കും.

ഈ സാഹചര്യത്തിൽ പരിശീലനത്തിൻ്റെ ഭാഗമായി കളിക്കാർ ഫീൽഡിംഗ് ഡ്രിൽ ചെയ്യണമെങ്കിലും മെയ് ആദ്യ വാരം വരെ ഇന്ത്യൻ താരങ്ങളെ അതിനായി നിർബന്ധിക്കരുതെന്ന് ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ബിസിസിഐ. ഇന്ത്യൻ എക്സ്പ്രസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെട്ടിട്ടുള്ള താരങ്ങൾക്കാണ് ഈ ആനുകൂല്യം ടീമുകൾ നൽകേണ്ടത്.

നിലവിൽ ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നീ താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്. കടുത്ത മത്സരങ്ങൾ അരങ്ങേറുന്ന ഐപിഎൽ സീസണിൽ കൂടുതൽ താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയേറെയാണ്. ലോകകപ്പ് കൂടി ഈ വർഷം നടക്കാനിരിക്കെ കൂടുതൽ താരങ്ങൾക്ക് പരിക്കേൽക്കുന്നത് ടീമിനെ കടുത്ത സമ്മർദ്ദത്തിലാക്കും.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ ജൂണിൽ നടക്കാനിരിക്കെ താരങ്ങളായ മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്,ഷാർദൂൽ ഠാക്കൂർ,രവീന്ദ്ര ജഡേജ, ആർ അശ്വിൻ,കുൽദീപ് യാദവ്,അക്സർ പട്ടേൽ എന്നിങ്ങനെ ടെസ്റ്റ് ടീമിൽ ഇടം പിടിക്കാൻ സാധ്യതയുള്ള താരങ്ങൾക്ക് പരമാവധി പരിക്കേൽക്കാതിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :