ഗെയിൽ കാറ്റിനെ പ്രതിരോധിക്കാന്‍ ലങ്ക ഇറങ്ങുന്നു; കരുതലോടെ

ഏയ്ഞ്ചലോ മാത്യൂസും തിലകരത്നെ ദിൽഷനുമടങ്ങിയ ശ്രീലങ്കയും ആദ്യ വിജയത്തിന്റെ ആവേശത്തിലാണ്.

ബംഗളുരു, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ക്രിക്കറ്റ് bangaloru, srilanka, west indies, cricket
ബംഗളുരു| Sajith| Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (12:20 IST)
ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും ഇന്ന് ട്വന്റി 20 ലോകകപ്പിൽ ഏറ്റുമുട്ടും. ഈ മത്സരത്തിന് ക്രിക്കറ്റ് നിരീക്ഷകർ നൽകുന്ന കാലാവസ്ഥാ പ്രവചനം ഇതാണ്: 'ഗെയിൽ കാറ്റടിക്കും. സൂക്ഷിക്കുക'.
ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പച്ചപ്പ്‌ കൂടിയ പിച്ച്‌ ബാറ്റിങ്ങിന്‌ അനുകൂലമാണ്‌. ഫ്‌ളാറ്റ്‌ പിച്ചും നീളം കുറഞ്ഞ ബൗണ്ടറി ലൈനുകളും ഉള്ള ചിന്നസ്വാമി സ്‌റ്റേഡിയം ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ്‍.

ഇംഗ്ലണ്ടിനെതിരെ 47 പന്തിൽ നിന്ന് സെഞ്ചുറി നേടി ട്വന്റി 20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ ഉടമയായി ഗെയിൽ മാറിയിരിക്കുന്നു. വിൻഡീസും ഗെയിലിനു ചുറ്റുമാണ് നീങ്ങുന്നത്. 11 സിക്സുകളാണ് ഗെയിൽ ആദ്യകളിയിൽ പറത്തിയത്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വിൻഡീസിന് സെമിപ്രവേശനം അനായാസമാകും. ഗെയ്‌ല്‍ അടക്കം അഞ്ച്‌ വിന്‍ഡീസ്‌ താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി കളിക്കുന്നതും അനുകൂലഘടകമാണ്‌.

ഏയ്ഞ്ചലോ മാത്യൂസും തിലകരത്നെ ദിൽഷനുമടങ്ങിയ ശ്രീലങ്കയും ആദ്യ വിജയത്തിന്റെ ആവേശത്തിലാണ്. പരുക്കേറ്റ് ലസിത് മലിങ്ക മടങ്ങിയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്. മലിങ്ക കൂടി മടങ്ങിയതോടെ ലങ്കയുടെ ബോളിങ് നിര ദുർബലമായി. എന്നിരുന്നാലും നുവാന്‍ കുലശേഖര അടക്കമുള്ളവര്‍ മത്സരം തങ്ങളുടേതാക്കാന്‍ കെല്‍പ്പുള്ളവരാണ്‌.

വിൻഡീസ് നിരയിൽ മർലോൺ സാമുവൽസും ഫോമിലാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ കളിയിൽ 37 റൺസിൽ എട്ടും ബൗണ്ടറിയിലൂടെയായിരുന്നു സാമുവൽസ് നേടിയത്. ഗെയ്‌ലിനെയും സാമുവല്‍‌സിനേയും നിശബ്‌ദരാക്കി നിര്‍ത്താനായിരിക്കും തങ്ങളുടെ ശ്രമമെന്നു ലങ്കന്‍ കോച്ച്‌ ഗ്രഹാം ഫോര്‍ഡ്‌ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :