Babar Azam: പാക് ടി20 ടീമിൽ ഷഹീൻ അഫ്രീദിയുടെ പരിഷ്കാരങ്ങൾ,ബാബറിന്റെ ഓപ്പണിംഗ് സ്ഥാനം പോകും

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജനുവരി 2024 (20:03 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ ബാബര്‍ അസമിനെ ടീമിലെ ഓപ്പണര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്. ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ മുഹമ്മദ് റിസ്‌വാനൊപ്പം ഓപ്പണറായി യുവതാരത്തെ പരീക്ഷിക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ജനുവരി 12 മുതല്‍ ന്യൂസിലന്‍ഡിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. യുവതാരം സയിം അയൂബായിരിക്കും പരമ്പരയില്‍ റിസ്‌വാനൊപ്പം ഓപ്പണിംഗ് റോളില്‍ ഇറങ്ങുക.

കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടന്ന് സിഡ്‌നി ടെസ്റ്റില്‍ സയിം അയൂബ് പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മുഹമ്മദ് റിസ്‌വാനെയും ഓപ്പണര്‍ റോളില്‍ നിന്നും മാറ്റാന്‍ പാക് ടീം ആലോചിച്ചിരുന്നെങ്കിലും ടീം ഡയറക്ടറോടും പരിശീലകനോടും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ നീക്കം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പാകിസ്ഥാനായി മൂന്നാം സ്ഥാനത്തായിരിക്കും ബാബര്‍ കളിക്കാനിറങ്ങുക. ഫഖര്‍ സമനായിരിക്കും നാലാമന്‍. പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റനായിരുന്ന മോയിന്‍ ഖാന്റെ മകനായ അസം ഖാനാണ് ന്യൂസിലന്‍ഡിനെതിരായ സീരീസില്‍ പാക് വിക്കറ്റ് കീപ്പറാകുന്നത്. ബാബര്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാന്റെ ടി20 ടീമിനെ നയിക്കുന്നത്. പാക് ടി20 നായകനായി ഷഹീന്റെ ആദ്യമത്സരമാകും ന്യൂസിലന്‍ഡിനെതിരെ നടക്കുന്നത്. മുഹമ്മദ് റിസ്‌വാനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :