രേണുക വേണു|
Last Modified വ്യാഴം, 20 ഫെബ്രുവരി 2025 (16:11 IST)
Rohit Sharma dropped Catch - Video
Axar Patel - Rohit Sharma: ചാംപ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനു ഹാട്രിക് അവസരം നഷ്ടമായി. നായകന്‍ രോഹിത് ശര്‍മ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് അക്‌സറിന്റെ സുവര്‍ണാവസരം പാഴാകാന്‍ കാരണം. മത്സരത്തിന്റെ ഒന്‍പതാം ഓവറിലായിരുന്നു സംഭവം.
ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവര്‍ എറിയാനെത്തിയ അക്‌സര്‍ ഈ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകളില്‍ വിക്കറ്റ് കരസ്ഥമാക്കി. 25 പന്തില്‍ 25 റണ്‍സെടുത്ത തന്‍സിദ് ഹസനെയാണ് അക്‌സര്‍ ആദ്യം കൂടാരം കയറ്റിയത്. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈകളില്‍ തന്‍സിദിന്റെ വിക്കറ്റ് ഭദ്രം. തൊട്ടടുത്ത പന്തില്‍ മുഷ്ഫിഖുര്‍ റഹ്‌മാനെയും അക്‌സര്‍ രാഹുലിന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ച്ചയായ രണ്ട് വിക്കറ്റുകള്‍ കരസ്ഥമാക്കിയ അക്‌സറിനു ഹാട്രിക്കിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു.
പിച്ചിലെ ടേണ്‍ മനസിലാക്കിയ നായകന്‍ രോഹിത് ശര്‍മ സ്ലിപ്പില്‍ മൂന്ന് ഫീല്‍ഡര്‍മാരെ നിയോഗിച്ചു. ഫസ്റ്റ് സ്ലിപ്പില്‍ നിന്നത് രോഹിത് തന്നെയാണ്. ബംഗ്ലാദേശ് ബാറ്റര്‍ ജേകര്‍ അലിയുടെ ഔട്ട്‌സൈഡ് എഡ്ജ് എടുത്ത പന്ത് നേരെ രോഹിത്തിന്റെ കൈകളിലേക്ക് എത്തി. എന്നാല്‍ അനായാസം സ്വന്തമാക്കാമായിരുന്ന ക്യാച്ച് രോഹിത് നഷ്ടപ്പെടുത്തി, ഒപ്പം അക്‌സറിന്റെ ഹാട്രിക് സാധ്യതയും വെള്ളത്തിലായി. ഉടന്‍ തന്നെ രോഹിത് അക്‌സറിനോടു ക്ഷമ ചോദിക്കുന്നതും വീഡിയോയില്‍ കാണാം.