അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (11:24 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന 2 ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ 3 ടെസ്റ്റുകളിലും കളിച്ച ഓപ്പണര്‍ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ടീമിന് പുറത്തായി.
ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി നടത്തിയ പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനായി സെഞ്ചുറിയുമായി തിളങ്ങിയ 19കാരനായ സാം കോണ്‍സ്റ്റാസാണ് മക്സ്വീനിക്ക് പകരം ഓപ്പണറായി എത്തിയത്. ആദ്യ 3 ടെസ്റ്റുകളിലും കളിച്ച മക്സ്വീനിക്ക് 72 റണ്‍സ് മാത്രമാണ് പരമ്പരയില്‍ നേടാനായത്. മെല്‍ബണിലും സിഡ്നിയിലും നടക്കുന്ന അവസാന 2 ടെസ്റ്റുകള്‍ക്കായി പേസര്‍ ജേ റിച്ചാര്‍ഡ്സണെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍മാരായ ബ്യൂ വെബ്സ്റ്ററെയും ഷോണ്‍ ആബട്ടിനെയും ടീമില്‍ നിലനിര്‍ത്തി.
ഹേസല്‍വുഡിന്റെ അഭാവത്തില്‍ അവസാന 2 ടെസ്റ്റിലും പേസര്‍ സ്കോട്ട് ബോളണ്ടാകും ഓാസീസ് പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കളിച്ച ബോളണ്ട് 5 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. 26ന് മെല്‍ബണിലാണ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി അഞ്ച് മുതല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.