അഭിറാം മനോഹർ|
Last Modified ഞായര്‍, 10 നവംബര്‍ 2024 (10:32 IST)
ഇന്ത്യ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ എ തൂത്തുവാരി. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 47.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. തുടക്കത്തില്‍ തകര്‍ന്നെങ്കിലും സാം കോണ്‍സ്റ്റാസ്(73), ബ്യൂ വെബ്സ്റ്റര്‍(46) എന്നിവര്‍ ചേര്‍ന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും പുറത്താകാതെ നിന്നു. നേരത്തെ ഇന്ത്യന്‍ ഇന്നിങ്ങ്സ് 229 റണ്‍സിന് അവസാനിച്ചിരുന്നു. 68 റണ്‍സുമായി ധ്രുവ് ജുറല്‍, 44 റണ്‍സുമായി തനുഷ് കൊട്ടിയാന്, 38 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സ്കോര്‍ ഇന്ത്യ എ 161,229 ഓസ്ട്രേലിയ എ 223,169.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേരത്തെ ഓസ്ട്രേലിയ എ ടീമിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്സിലും ധ്രുവ് ജുറല്‍ മാത്രമാണ് ഓസ്ട്രേലിയന്‍ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ചത്. ആദ്യ ഇന്നിങ്ങ്സില്‍ 80 റണ്‍സ് നേടിയ ജുറല്‍ രണ്ടാം ഇന്നിങ്ങ്സില്‍ 68 റണ്‍സുമായി തിളങ്ങിയിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടീമില്‍ ഇടം നേടിയ അഭിമന്യു ഈശ്വരന്, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊന്നും തന്നെ പരമ്പരയില്‍ തിളങ്ങാനായില്ല.