ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇന്ത്യക്ക് ഭീഷണിയായി ഓസീസ് കുതിപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജനുവരി 2020 (10:38 IST)
ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി ഓസ്ട്രേലിയയുടെ കുതിപ്പ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയുമായുള്ള വ്യത്യാസം കുറക്കാൻ ഓസീസിന് കഴിഞ്ഞു. നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ള ഇന്ത്യക്ക് 360 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഓസീസിന് 296 പോയിന്റുകളുമാണുള്ളത്. ചാമ്പ്യൻഷിപ്പിലെ മറ്റു ടീമുകൾ പോയിന്റ് നിലയിൽ ഒരുപാട് പുറകിലാണ്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച 7 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. ഓസ്ട്രേലിയാവട്ടെ കളിച്ച 10 മത്സരങ്ങളിൽ 7 എണ്ണത്തിൽ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ പരാജയപ്പെട്ടു. ഒരെണ്ണം സമനിലയിലുമായി. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര കരുത്തരായ ന്യൂസിലൻഡിനെതിരെ അവരുടെ നാട്ടിലാണ്. പോയിന്റ് നിലയിൽ ഓസീസ് തൊട്ടുപുറകിൽ നിൽക്കുമ്പോൾ ന്യൂസിലൻഡിൽ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യയുടെ ലീഡ് കുറക്കാൻ സാധ്യതയുള്ള ഘടകമാണ്. അങ്ങനെയെങ്കിൽ പോയിന്റ് പട്ടികയിലെ വ്യത്യാസം ഇനിയും ചുരുങ്ങാനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :