അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (17:24 IST)
ഏഷ്യാകപ്പ് നടത്തിപ്പ് വിഷയത്തില്‍ പാകിസ്ഥാന് ഒറ്റപ്പെടുന്നു. എഷ്യാകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പ് നഷ്ടമാകാതിരിക്കാന്‍ പാകിസ്ഥാന് മുന്നോട്ട് വെച ഹൈബ്രിഡ് മോഡലിനെ തള്ളി ശ്രീലങ്ക,ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളും മുന്നോട്ട് വന്നതോടെ പാകിസ്ഥാന് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും ഒരു രാജ്യത്തും ബാക്കി മത്സരങ്ങള്‍ പാകിസ്ഥാനിലും വെച്ച് നടത്താമെന്ന പദ്ധതിയാണ് പാകിസ്ഥാന് മുന്നോട്ട് വെച്ചിരുന്നത്.
ഏഷ്യാകപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തിയില്ലെങ്കില്‍ ഏഷ്യാകപ്പില്‍ നിന്നും ലോകകപ്പില്‍ നിന്നും പിന്മാറുമെന്ന് നേരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന് മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡലിനോട് ബംഗ്ലാദേശ്,ശ്രീലങ്ക,അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളും മുഖം തിരിച്ചതോടെ പാകിസ്ഥാന് പ്രതിരോധത്തിലായിരിക്കുകയാണ്.
ഈ മാസം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ ഏഷ്യാകപ്പിനുള്ള പുതിയ വേദി തീരുമാനിക്കുമെന്നാണ് വിവരം. ടൂര്‍ണമെന്റില്‍ ഇന്ത്യ പാക് മത്സരം നടത്താനാകാത്ത സ്ഥിതിയാണെങ്കില്‍ ഈ വര്‍ഷം ഏഷ്യാകപ്പ് റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. പാകിസ്ഥാനില്ലാതെ ഏഷ്യാകപ്പ് നടത്തുകയാണെങ്കില്‍ ടൂര്‍ണമെന്റ് ലാഭകരമാകാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ പാകിസ്ഥാനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐസിസി. ഈ വര്‍ഷത്തെ ഏഷ്യാകപ്പ് മാത്രമല്ല 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും പാകിസ്ഥാനിലാണ് നടക്കേണ്ടത്. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ഇന്ത്യ ഉറച്ചുനിന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയും അനിശ്ചിതത്വത്തിലാകും.