രോഹിത്തിന്റെ മികവില്‍ തലയുയര്‍ത്തി; കടുവകള്‍ക്ക് വിജയലക്ഷ്യം 167 റണ്‍സ്

 ഏഷ്യാ കപ്പ് ട്വന്റി-20 , എംഎസ് ധോണി , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ
ധാക്ക| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (20:40 IST)
ഏഷ്യാകപ്പ് ട്വന്റി-20യിലെ ഉദ്ഘാടന മൽസരത്തിൽ ഇന്ത്യക്കെതിരെ ആതിഥേയരായ ബംഗ്ലദേശിന് 167 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 166 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ. ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ പരുങ്ങലിലായ ഇന്ത്യക്ക് രോഹിത് ശര്‍മ്മയാണ് (83) മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 55 പന്തുകളില്‍ മൂന്ന് സിക്‍സും എഴ് ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് (31) സ്‌കോര്‍ 150 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടിവന്നു. രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ (2) കൂടാരം കയറുകയായിരുന്നു. അല്‍ അമീന്‍ ഹൊസൈന്‍ മനോഹരമായ പന്തില്‍ അനാവശ്യ ഷോട്ട് കളിക്കാന്‍ നോക്കിയ ധവാന്‍ ബൌള്‍ഡാക്കുകയായിരുന്നു. പകരമെത്തിയ വിരാട് കോഹ്‌ലി (8) അഞ്ചാം ഓവറില്‍ മഷ്‌റഫെ മൊര്‍ത്താസയ്‌ക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ പതറുകയായിരുന്നു. എട്ടാം ഓവറില്‍ സുരേഷ് റെയ്‌നയും പുറത്തായതോടെ യുവരാജ് സിംഗും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്ത്യ പതിയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്.

സ്‌കോര്‍ 97ല്‍ നില്‍ക്കെ യുവരാജും (15) പുറത്തായതോടെ ഹാര്‍ദിക് പാണ്ഡ്യയയും രോഹിതും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചതോടെയാണ് പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് ലഭിച്ചത്. അവസാന ഓവറില്‍ രോഹിത്ത് പുറത്തായെങ്കിലും പകരമെത്തിയ ധോണിക്ക് (8*) കാര്യമായ സംഭവന നല്‍കാന്‍ സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :