അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (13:12 IST)
മാറുന്ന കാലത്തിനനുസരിച്ച് ക്രിക്കറ്റിലും തന്ത്രങ്ങളും കളി രീതികളും മാറണം എന്ന് അഭിപ്രായമുള്ളവരാണോ നിങ്ങൾ? എങ്കിൽ ക്രിക്കറ്റിലെ കളിരീതികൾ പുതുക്കിപണിയുന്നതിൽ ഇന്ത്യൻ താരം രവിചന്ദ്ര അശ്വിനെ മാസ്റ്റർ എന്ന് തന്നെ സംബോധന ചെയ്യേണ്ടതായി വരും. മങ്കാദിങ് വിവാദങ്ങൾക്ക് ശേഷം ക്രിക്കറ്റിൽ ടാക്‌ടിക്കൽ റിട്ടയേർഡ് ഔട്ട് ചർച്ചകൾക്കും തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്പിൻ മയെസ്ട്രോ.
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ്
അശ്വിൻ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി തന്ത്രപരമായ റിട്ടേയർഡ് ഔട്ടാകുന്ന കളിക്കാരനായത്. നേരത്തെ മങ്കാദിങ് നടത്തുന്നതിൽ തെറ്റില്ലെന്ന് പരസ്യമായി അശ്വിൻ അവകാശപ്പെട്ടത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
എതിർ നിരയിലെ ബൗളർമാർക്ക് തടസമ്മില്ലാതെ തന്നെ ബാറ്റർക്ക് മത്സരത്തിനിടെ സ്വന്തം ബാറ്റിങ് അവസാനിപ്പിക്കാൻ നൽകുന്ന നിയമസാധുതയാണ് തന്ത്രപരമായ റിട്ടയേർഡ് ഔട്ട് എന്നറിയപ്പെടുന്നത്. ലഖ്‌നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഈ നിയമം സമർത്ഥമായി ഉപയോഗിക്കുകയും ചെയ്‌തു.
അതേസമയം അശ്വിനൊപ്പം മറുവശത്ത് ബാറ്റ് ചെയ്‌തിരുന്ന ഷിംറോൺ ഹെറ്റ്‌മെയർ തനിക്ക് അശ്വിന്റെ നീക്കത്തെ പറ്റി വിവരം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് മത്സരശേഷം വെളിപ്പെടുത്തിയത്. പക്ഷേ ആ തീരുമാനം നന്നായി തന്നെ വന്നുവെന്നും ഹെറ്റ്‌മെയർ പറഞ്ഞു. ക്രിക്കറ്റിന്റെ പുതിയ രീതികൾ ഇഷ്ടമായെന്നാണ് മുൻ വിൻഡീസ് താരമായ ഇയാൻ ബിഷപ്പും മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണും അഭിപ്രായപ്പെട്ടത്.