അഭിറാം മനോഹർ|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (19:54 IST)
ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് സഞ്ജു ആരാധകര്‍. ലോകകപ്പിന് തൊട്ട് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ യുവതാരമായ തിലക് വര്‍മയ്ക്ക് പോലും അവസരം നല്‍കിയപ്പോഴാണ് സഞ്ജുവിന് ഇത്തരത്തില്‍ അവഗണന നേരിടേണ്ടി വന്നത്. ഓസീസ് പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ 2 വര്‍ഷക്കാലമായി ഏകദിനം കളിക്കാത്ത രവിചന്ദ്ര അശ്വിനും ഇടം നേടിയിട്ടുണ്ട്. സെലക്ടര്‍മാരുടെ ഈ തീരുമാനത്തിലും സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.
ഏഷ്യാകപ്പിനിടെ പരിക്കേറ്റ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലെടുത്തത്. ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളിംഗിന്റെ ഫസ്റ്റ് ചോയ്‌സാണെങ്കിലും ഏകദിനത്തില്‍ 20 മാസമായി അശ്വിന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. അക്ഷര്‍ പട്ടേലിന്റെ പരിക്ക് മാറാന്‍ 23 ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അശ്വിന്‍ കളിച്ചേക്കും. ഇതാദ്യമായല്ല ക്രിക്കറ്റില്‍ മാസങ്ങളോളം ടീമില്‍ ഇല്ലാതിരുന്നിട്ടും താരം ലോകകപ്പ് ടീമുകളില്‍ ഇടം നേടുന്നത്.
2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് അശ്വിന് വിളിയെത്തുമ്പോള്‍ താരം 4 വര്‍ഷക്കാലമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എങ്കിലും അപ്രതീക്ഷിതമായി താരത്തീന് വിളിയെത്തുകയായിരുന്നു. 2022ലെ ടി20 ലോകകപ്പിലും ഇത് തന്നെ ആവര്‍ത്തിച്ചു. 2021ലെ ടി20 ലോകകപ്പിന് ശേഷം പിന്നീട് അശ്വിന് ഇന്ത്യയുടെ ടി20 ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. എങ്കിലും 7 മാസത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന് ലോകകപ്പ് ടീമില്‍ ഇടം നേടാനായി. സമാനമായാണ് ഏകദിന ലോകകപ്പ് ടീമിലും താരം ഇടം നേടിയിരിക്കുന്നത്. 20 മാസക്കാലത്തിന് ശേഷമാണ് അശ്വിന്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ വീണ്ടും എത്തിയിരിക്കുന്നത്.