അഭിറാം മനോഹർ|
Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (17:21 IST)
വരാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററായ വിരാട് കോലിയെ ഉള്‍പ്പെടുത്തിയേക്കില്ല എന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. ടി20 ലോകകപ്പില്‍ കോലിയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് കുംബ്ലെയ്ക്കുള്ളത്.
വിരാട് കോലി സ്ഥിരതയുള്ള താരമാണ് ഞാന്‍ ആര്‍സിബിയുടെ ഭാഗമായിരുന്നപ്പോള്‍ കോലിയുടെ കളി നേരിട്ട് കണ്ടതാണ്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ശേഷം ആര്‍സിബിയിലാണ് കോലി ടി20 കരിയര്‍ ആരംഭിക്കുന്നത്. അവിടം മുതല്‍ കോലിയുടെ കളിയോടുള്ള സമീപനവും ഫിറ്റ്‌നസില്‍ വന്ന മാറ്റവുമെല്ലാം നമ്മള്‍ കണ്ടതാണ്. കോലി ഒരു ഇതിഹാസമാണെന്ന് നമുക്കറിയാം. സ്ഥിരത പുലര്‍ത്തുന്നതിലുള്ള കോലിയുടെ കഴിവ് അവിശ്വസനീയമാണ്. കോലി മൈതാനത്ത് കൊണ്ടുവരുന്ന അഗ്രഷനും സമീപനവുമെല്ലാം ടീമിനെ സഹായിക്കുന്നുണ്ട്. സമകാലിക ക്രിക്കറ്റിലെ തന്നെ മികച്ച താരമാണ് കോലി. അത്തരമൊരു താരം കൂടെയുള്ളപ്പോള്‍ അയാളില്‍ നിന്നും മികച്ച പ്രകടനം ആവശ്യപ്പെടുകയാണ് നമ്മള്‍ ചെയ്യേണ്ടത്.
2022ലെ ടി20 ലോകകപ്പിന് ശേഷം അഫ്ഗാനെതിരായ ടി20 പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. 0,29 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നും കോലിയുടെ സ്‌കോറുകള്‍. പതിയെ ഇന്നിങ്ങ്‌സ് ബില്‍ഡ് ചെയ്തുകൊണ്ടുള്ള കോലിയുടെ ബാറ്റിംഗ് ശൈലി വെസ്റ്റിന്‍ഡീസിലെ സാഹചര്യങ്ങളില്‍ ടി20യ്ക്ക് ഉചിതമാകില്ല എന്ന് ചൂണ്ടികാട്ടിയാണ് കോലിയെ ടി20 ലോകകപ്പിനായുള്ള ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി ഐപിഎല്‍ 2024 സീസണില്‍ മൈതാനത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.