ടി20 ലോകകപ്പിൽ വിൻഡീസ് ചുമ്മാ പോകില്ല, ഒരു വലിയ സൂചന കിട്ടിയിട്ടുണ്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (17:42 IST)
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസ് ഇല്ലാതിരുന്നത് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു കാലത്ത് ക്രിക്കറ്റിലെ രാജാക്കന്മാരായിരുന്ന കരീബിയന്‍ പോരാളികള്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ പോലുമില്ലാതെ ഉഴറുന്നത് ക്രിക്കറ്റ് പ്രേമികളെ ബുദ്ധിമുട്ടിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ പ്രകടനം ദയനീയമെന്ന രീതിയില്‍ താഴ്‌ന്നെങ്കിലും വമ്പന്‍ ലീഗുകളില്‍ കളിക്കുന്ന നിരവധി താരങ്ങളാണ് വെസ്റ്റിന്‍ഡീസിനുള്ളത്.

അതിനാല്‍ തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് എതിരാളികള്‍ക്ക് അപകടം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പ് പരിഗണിച്ചുകൊണ്ട് വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ താരവും വമ്പനടികള്‍ക്ക് പേരുകേട്ട ആന്ദ്രേ റസ്സലിനെ ടീമിലെത്തിച്ചിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ തകര്‍പ്പന്‍ വിജയം നേടികൊണ്ട് ലോകകപ്പിനൊരുങ്ങുന്ന എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ 4 ഓവറില്‍ വെറും 19 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റുകള്‍ നേടിയ റസ്സല്‍ 14 പന്തില്‍ നിന്നും പുറത്താകാതെ 29 റണ്‍സ് നേടി ബാറ്റുകൊണ്ടും തിളങ്ങി. രാജ്യാന്തര ക്രിക്കറ്റിലേക്ക് രാജകീയമായ തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്.

ആന്ദ്രേ റസ്സലിനൊപ്പം ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ മികവ് പ്രകടിപ്പിച്ച ഒട്ടെറെ താരങ്ങള്‍ വെസ്റ്റിന്‍ഡീസ് നിരയിലുണ്ട്. നിക്കോളാസ് പൂരന്‍, കെയ്ല്‍ മെയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍,റോമരിയ ഷപ്പേര്‍ഡ്,ജേസണ്‍ ഹോള്‍ഡര്‍ എന്ന് തുടങ്ങി ബാറ്റര്‍മാരുടെ വമ്പന്‍ നിരയാണ് വിന്‍ഡീസിനുള്ളത്. ബൗളിംഗില്‍ അത്ര ശക്തമല്ലെങ്കിലും അന്‍സാരി ജോസഫ്,അഖീല്‍ ഹുസൈന്‍ എന്നിവര്‍ ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ബൗളര്‍മാരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :