അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:02 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച്ചവെച്ചിട്ടുള്ള ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് സ്കോട്ട്ലൻഡ് ടി20 ലോകകപ്പിന് തുടക്കമിട്ടത്. ടീമിനെ മിന്നും ജയത്തിലേക്ക് നയിച്ചത് ഓൾറൗണ്ടർ ക്രിസ് ഗ്രീവ്‌സിന്റെ തകർപ്പൻ പ്രകടന്മായിരുന്നു.
ലോകകപ്പ് മത്സരത്തിലെ മിന്നും വിജയത്തിന്റെ ശിൽപിയായ ക്രിസ് ഗ്രീവ്‌സിന് പക്ഷേ പറയാനുള്ളത് ഒരു അതിജീവനത്തിന്റെ കഥയാണ്. സമീപകാലം വരെ ആമസോണിന്റെ ഡെലിവറി ബോയിയായിരുന്നു കളിക്കളത്തിൽ വിസ്‌മയം തീർത്ത ക്രിസ് ഗ്രീവ്‌സ്. സ്കോട്ട്‌ലൻഡുമായി കരാറുള്ള താരമല്ല ഗ്രീവ്‌സ്.
ഈയടുത്ത് മാത്രമാണ് ഗ്രീവ്‌സ് പരിശീലനം പോലും ആരംഭിച്ചതെന്ന് ടീം നായകൻ കെയ്‌ൽ കോറ്റ്സർ പറയുന്നു. സ്വന്തമായി ഇടം കണ്ടെത്താനായി ഗ്രീവ്‌സ് ഒരുപാട് പരിശ്രമിച്ചു. ഇപ്പോൾ ബംഗ്ലാദേശിനെതിരായ കളിയിലെ തകർപ്പൻ പ്രകടനത്തോടെ കളിയിലെ മാൻ ഓഫ് ദ മാച്ച് ആയിരിക്കുന്നു. സ്കോട്ട്‌ലൻഡ് നായകൻ പറഞ്ഞു.
മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 28 പന്തിൽ 45 റൺസാണ് ഗ്രീവ്‌സ് അടിച്ചെടുത്തത്. 141 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന്റെ സുപ്രധാനമായ രണ്ട് വിക്കറ്റുകളും താരം വീഴ്‌ത്തി. ബംഗ്ലാ നിരയിലെ ഷാക്കിബ് അൽ ഹസൻ, മുഷ്‌ഫിഖുർ റഹീം എന്നിവരെയാണ് ഗ്രീവ്‌സ് പുറത്താക്കിയത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് ബംഗ്ലാദേശ് മത്സരത്തിൽ നേടിയത്.