രേണുക വേണു|
Last Modified തിങ്കള്‍, 29 നവംബര്‍ 2021 (08:48 IST)
അജിങ്ക്യ രഹാനെയുടെ ടെസ്റ്റ് കരിയറിന് തിരശീല വീഴുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ രഹാനെ പുറത്തിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന രഹാനെയ്ക്ക് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ അഭിപ്രായം. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ ടീമില്‍ രഹാനെയുടെ സ്ഥാനം നഷ്ടമാകും. രഹാനെയ്ക്ക് പകരം വൈസ് ക്യാപ്റ്റനായി മറ്റൊരു താരത്തെ തീരുമാനിക്കും. രോഹിത് ശര്‍മയെ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാക്കാനാണ് സാധ്യത.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 16 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച രഹാനെയുടെ ശരാശരി വെറും 24.39 ആണ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളുമാണ് രഹാനെ നേടിയത്. 2016 ന് ശേഷമുള്ള 50 ടെസ്റ്റ് മത്സരങ്ങള്‍ എടുത്താല്‍ അതില്‍ 32.73 മാത്രമാണ് രഹാനെയുടെ ശരാശരി. പല നിര്‍ണായക സമയങ്ങളിലും ബാറ്റിങ്ങില്‍ രഹാനെ സമ്പൂര്‍ണമായി പരാജയപ്പെടുന്നു.