രേണുക വേണു|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2025 (12:40 IST)
ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായി തുടരുന്ന വിരാട് കോലിയും രോഹിത് ശര്‍മയും തുടര്‍ച്ചയായി റെഡ് ബോള്‍ ക്രിക്കറ്റില്‍ പരാജയപ്പെടുമ്പോഴും പ്രായത്തോടു പൊരുതി അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫി നോക്കൗട്ടില്‍ മുംബൈയ്ക്കായി താരം സെഞ്ചുറി നേടി. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയുടെ രണ്ടാം ഇന്നിങ്‌സിലാണ് നാലാമനായി ക്രീസിലെത്തിയ രഹാനെ സെഞ്ചുറി നേടിയത്.
180 പന്തുകള്‍ നേരിട്ട രഹാനെ 13 ഫോറുകളുടെ അകമ്പടിയോടെ 108 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ രഹാനെയാണ്. ഒന്നാം ഇന്നിങ്‌സില്‍ 58 പന്തില്‍ 31 റണ്‍സെടുക്കാനും താരത്തിനു സാധിച്ചു.
200-ാം ഫസ്റ്റ് ക്ലാസ് മത്സരമാണ് രഹാനെ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. രഹാനെയുടെ സെഞ്ചുറി കരുത്തില്‍ 354 റണ്‍സാണ് ഹരിയാനയ്ക്കു മുന്നില്‍ വിജയലക്ഷ്യമായി മുംബൈ വെച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ഹരിയാന ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി മികച്ച ഇന്നിങ്‌സുകള്‍ രഹാനെ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ല.