ആദ്യ വിക്കറ്റ് 256 റണ്‍സില്‍, 331 ആയപ്പോള്‍ ഒന്‍പത് വിക്കറ്റുകളും നഷ്ടമായി ! അഫ്ഗാനിസ്ഥാന് സംഭവിച്ചത്

രേണുക വേണു| Last Modified ശനി, 8 ജൂലൈ 2023 (18:04 IST)

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് നേടി. ടീം ടോട്ടല്‍ 256 ആയപ്പോഴാണ് അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് 75 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ട് വിക്കറ്റുകളും നഷ്ടമായി.

ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (125 പന്തില്‍ 145), ഇബ്രാഹിം സാദ്രാന്‍ (119 പന്തില്‍ 100) എന്നിവര്‍ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കിയത്. ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ 36-ാം ഓവറില്‍ അഫ്ഗാനിസ്ഥാന്റെ ടോട്ടല്‍ 250 കടന്നു. ടീം ടോട്ടല്‍ 400 എത്തുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചിടത്തു നിന്നാണ് ബംഗ്ലാദേശ് കളി തിരിച്ചുപിടിച്ചത്.

ഓപ്പണര്‍മാര്‍ക്ക് ശേഷം എത്തിയ അഫ്ഗാന്‍ ബാറ്റര്‍മാരില്‍ ആറ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഏകദിനം ജയിച്ച അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ 1-0 ത്തിനു മുന്നിലാണ് ഇപ്പോള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :