ഫൈനലിൽ ഇന്ത്യ തോറ്റതോടെ വിജയിച്ചത് ക്രിക്കറ്റ്: വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് അബ്ദുൾ റസ്സാഖ്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (17:49 IST)
ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റുവാങ്ങിയ പരാജയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പരിഹാസവുമായി മുന്‍ പാകിസ്ഥാന്‍ താരം അബ്ദുള്‍ റസാഖ്. ഇന്ത്യ തോറ്റതോടെ ക്രിക്കറ്റ് വിജയിച്ചുവെന്നാണ് അബ്ദുള്‍ റസാഖിന്റെ പരാമര്‍ശം. നേരത്തെ ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ റസാഖ് പുലിവാല് പിടിച്ചിരുന്നു. ആ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് റസാഖിന്റെ പുതിയ പരാമര്‍ശം.

സത്യസന്ധമായി പറഞ്ഞാല്‍ വിജയിച്ചത് ക്രിക്കറ്റാണ്. ഇന്ത്യ പിച്ചിന്റെ സാഹചര്യങ്ങള്‍ ടീമിന് അനുകൂലമാക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അതൊരു ദുഖ നിമിഷമാകുമായിരുന്നു. ധീരവും മാനസികമായി കരുത്തരായ ടീമാണ് ക്രിക്കറ്റില്‍ ശോഭിക്കേണ്ടത്. കളിക്കുന്ന പിച്ചും സാഹചര്യങ്ങളും നീതിപൂര്‍വ്വമാകണം. പിച്ചിന്റെ ഗുണം ഇരുടീമുകള്‍ക്കും ലഭിക്കുന്നത് പോലെയാകണം. ഫൈനലില്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നുവെന്നും റസാഖ് പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് പുറത്തായപ്പോള്‍ 7 ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡും 110 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍നസ് ലബുഷെയ്‌നുമാണ് ഓസീസിനെ മത്സരത്തില്‍ വിജയിപ്പിച്ചത്. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹെസല്‍വുഡും പാറ്റ് കമ്മിന്‍സും രണ്ട് വീതവും ഗ്ലെന്‍ മാക്‌സ്‌വെല്ലും ആദം സാംപയും ഓരോ വിക്കറ്റുമായും തിളങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :