അഭിറാം മനോഹർ|
Last Modified വെള്ളി, 22 സെപ്റ്റംബര്‍ 2023 (19:15 IST)
ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരായ പ്രകടനത്തോടെ ഐസിസി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസറായ മുഹമ്മദ് സിറാജ്. താരത്തിന്റെ ഫൈനലിലെ പ്രകടനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ സഹതാരങ്ങളും മുന്‍ ഇതിഹാസ താരങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. ഇപ്പോഴിതാ എന്താണ് സിറാജിനെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ആര്‍സിബിയില്‍ സിറാജിന്റെ സഹതാരം കൂടിയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസമായ എ ബി ഡിവില്ലിയേഴ്സ്.
അവനെ ഞാന്‍ ഒരു പാട് കാലമായി ഞാന്‍ കാണാന്‍ തുടങ്ങിയിട്ട്. അവന്റെ മുഖവും ബൗളിംഗ് ആക്ഷനുമെല്ലം അത്രയും പരിചിതമാണ്. പക്ഷേ മറ്റുള്ളവരില്‍ നിന്നും എന്താണ് അവനെ വ്യത്യസ്തനാക്കുന്നതെന്ന് ചോദിച്ചാല്‍ ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത അവന്റെ മനോഭാവമാണെന്ന് ഡിവില്ലിയേഴ്സ് പറയുന്നു. നിങ്ങള്‍ ഒരിക്കലും വിട്ട്കൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ ആ മനോഭാവം ടീമിനും ഉണര്‍വ് നല്‍കും. ആരാധകര്‍ നിങ്ങളെ ഇഷ്ടപ്പെടും. ഡിവില്ലിയേഴ്സ് പറഞ്ഞു.
സിറാജ് എല്ലായ്പ്പോഴും ബൗളിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാണ്. ഒരു ഷോട്ട് ബോള്‍ പരീക്ഷിക്കാനും ബാറ്ററെ ലക്ഷ്യം വെച്ച് എറിയാനും അവന് മടിയില്ല. എപ്പോഴും അവന് ബാറ്ററെ പുറത്താക്കാന്‍ ശ്രമിക്കുന്നു. ഡിവില്ലിയേഴ്സ് പറയുന്നു. ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ ഇന്നിങ്ങ്സ് 50 റണ്‍സിന് അവസാനിച്ചപ്പോള്‍ മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സിറാജിനായിരുന്നു.