അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഡിസംബര്‍ 2023 (16:23 IST)
ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ കളിക്കാരന്‍ എന്ന വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ്. വിക്കറ്റിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള ആദ്യ ബാറ്റര്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഡിവില്ലിയേഴ്‌സ് തീപ്പൊരി പ്രകടനങ്ങള്‍ കൊണ്ടും ടെസ്റ്റ് മത്സരങ്ങളിലെ ശാന്തമായ പ്രകടനങ്ങള്‍ കൊണ്ടും ഒരുപോലെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ്. കരിയറില്‍ മികച്ച ഫോമിലായിരുന്നിട്ടും 34മത്തെ വയസ്സില്‍ ക്രിക്കറ്റില്‍ നിന്നും ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
തന്റെ വലതുകണ്ണിലെ റെറ്റിനയ്ക്ക് ഇളക്കം തട്ടി കാഴ്ച്ച കുറഞ്ഞിരുന്നെന്നും ഇടം കണ്ണിലെ കാഴ്ച കൊണ്ടാണ് കരിയറിലെ അവസാന രണ്ട് വര്‍ഷക്കാലം താന്‍ ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. വലതുകണ്ണില്‍ ശസ്ത്രക്രിയയ്ക്കായി ചെന്നപ്പോള്‍ ഈ കണ്ണും വെച്ച് എങ്ങനെയാണ് നിങ്ങള്‍ ക്രിക്കറ്റ് കളിച്ചത് എന്നാണ് ഡോക്ടര്‍ ചോദിച്ചത്. വിരമിച്ച ശേഷം വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചെങ്കിലും കൊവിഡ് വന്നത് ആ തീരുമാനം മാറ്റാന്‍ കാരണമായതായി ഡിവില്ലിയേഴ്‌സ് പറയുന്നു.
2015ലെ ലോകകപ്പ് സെമിയിലേറ്റ പരാജയം തന്നെ തളര്‍ത്തിയെന്നും ആ തോല്‍വിയില്‍ നിന്നും തിരിച്ചെത്താന്‍ സമയമെടുത്തെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ആ തോല്‍വിക്ക് ശേഷം ഒരു ഇടവേളയെടുത്ത ശേഷമാണ് ടീമില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ ടീമിലെ സാഹചര്യങ്ങള്‍ മാറിയിരുന്നു. അതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനം അലട്ടാന്‍ തുടങ്ങിയത്. ഡിവില്ലിയേഴ്‌സ് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 22 സെഞ്ചുറിയടക്കം 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്ന് 25 സെഞ്ചുറിയടക്കം 9577 റണ്‍സും 78 ടി20 മത്സരങ്ങളില്‍ നിന്ന് 1672 റണ്‍സും താരം നേടിയിട്ടുണ്ട്.