നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (15:16 IST)
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ടി 20 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി വെടിക്കെട്ട് ബാറ്റ്സ്മാന് എ.ബി.ഡിവില്ലിയേഴ്സും കളത്തിലിറങ്ങുമോ? ക്രിക്കറ്റ് ആരാധകര്‍ എല്ലാം വലിയ കാത്തിരിപ്പിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ടി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാന്‍ താല്പര്യമുണ്ടെന്ന് ഡിവില്ലിയേഴ്സ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഈ ആഗ്രഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന് മാര്‍ക് ബൗച്ചറെ ഉടന്‍ അറിയിക്കുമെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ടി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുന്നതിനെ കുറിച്ച് ബൗച്ചറിനോട് സംസാരിക്കുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
2018 ലാണ് 37 കാരനായ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താന്‍ തിരിച്ചുവരവ് ആഗ്രഹിക്കുന്നതായി ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു. 'ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ബൗച്ചര്‍ എന്നോട് ചോദിച്ചു. തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു,' ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന ഡിവില്ലിയേഴ്സ് ഇപ്പോള്‍ മികച്ച ഫോമിലാണ്. ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 38 പന്തില്‍ നിന്ന് പുറത്താകാതെ 76 റണ്‍സാണ് ഡിവില്ലിയേഴ്സ് അടിച്ചുകൂട്ടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി 78 ടി 20 മത്സരങ്ങള്‍ കളിച്ച ഡിവില്ലിയേഴ്സ് 26.12 ശരാശരിയില്‍ 1,672 റണ്‍സാണ് എടുത്തിട്ടുള്ളത്.