സ്വന്തം വിക്കറ്റ് എറിഞ്ഞിട്ടിട്ടും ബുംറയുടെ പന്തിന് കയ്യടിച്ച് ആരോണ്‍ ഫിഞ്ച്; ഇതാണ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് ആരാധകര്‍ !

ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം

രേണുക വേണു| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (08:26 IST)

സ്വന്തം വിക്കറ്റ് എറിഞ്ഞിട്ട ബൗളരെ നോക്കി അഭിനന്ദിക്കുന്ന ബാറ്റര്‍മാരെ കണ്ടിട്ടുണ്ടോ? ക്രിക്കറ്റില്‍ അപൂര്‍വ്വമായി കാണുന്ന കാഴ്ചയാണ് അത്. അങ്ങനെയൊരു കാഴ്ചയ്ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചു, ഇന്നലെ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് തന്റെ വിക്കറ്റ് എറിഞ്ഞിട്ട ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കിടിലന്‍ പന്തിനെ അഭിനന്ദിച്ചത്.
ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ഒരു യോര്‍ക്കറിന് സമാനമായ പന്താണ് ബുംറ എറിഞ്ഞത്. എന്നാല്‍ പൂര്‍ണമായി യോര്‍ക്കര്‍ എന്ന് പറയാനും പറ്റില്ല. ലോ ഫുള്‍ ടോസ് പന്ത് വേരിയേഷനോടു കൂടി വിക്കറ്റിലേക്ക് എത്തിയപ്പോള്‍ ഫിഞ്ച് കണ്‍ഫ്യൂഷനിലായി. ആ പന്ത് പ്രതിരോധിക്കാന്‍ പോലും ഫിഞ്ചിന് സാധിച്ചില്ല. ഫിഞ്ച് ക്ലീന്‍ ബൗള്‍ഡ് ! ഔട്ടായി പുറത്താകുമ്പോള്‍ എല്ലാ ബാറ്റര്‍മാരേയും പോലും നിരാശനായിരുന്നില്ല ഫിഞ്ച്. മറിച്ച് ബുംറയെ നോക്കി ഫിഞ്ച് അഭിനന്ദിച്ചു. ബാറ്റില്‍ കൈ തട്ടിയാണ് ബുംറയെ നോക്കി ഫിഞ്ച് അഭിനന്ദനം അറിയിച്ചത്. അത്രത്തോളം മികച്ച പന്തെന്നാണ് ഫിഞ്ചിന്റെ അഭിപ്രായം.

15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സ് നേടിയാണ് ഫിഞ്ച് പുറത്തായത്. അതേസമയം, രണ്ടാം ടി 20 മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പര 1-1 എന്ന നിലയിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :