അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 നവംബര്‍ 2023 (13:53 IST)
ഐപിഎല്ലില്‍ വലിയ നാടകീയതകള്‍ക്ക് അവസാനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. ഹാര്‍ദ്ദിക് മുംബൈയില്‍ തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും താരത്തെ ഗുജറാത്ത് ടീമില്‍ നിലനിര്‍ത്തിയതോടെ താരം മുംബൈയിലേക്കില്ലെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അവസാനനിമിഷം ട്രേഡ് വിന്‍ഡോയിലൂടെ താരം മുംബൈയില്‍ തിരിച്ചെത്തുകയായിരുന്നു.
ഹാര്‍ദ്ദിക്കിന്റെ മുംബൈയിലേക്കുള്ള വരവിലെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഒരു വിഭാഗം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ താരത്തിന്റെ വരവില്‍ സംതൃപ്തരല്ല. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കെതിരെ ഹാര്‍ദ്ദിക് നടത്തിയ ചില പരാമര്‍ശങ്ങളാണ് മുംബൈ ആരാധകരെ താരത്തിന് എതിരാക്കിമാറ്റിയത്. മുംബൈയെ വിമര്‍ശിച്ച് കൊണ്ട് ഗുജറാത്തിലേക്ക് ചേക്കേറി തിരികെ വീണ്ടും മുംബൈയിലെത്തുമ്പോള്‍ ഹാര്‍ദ്ദിക്കിന് നാണമുണ്ടോ എന്ന ചോദ്യമാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര ചോദിക്കുന്നത്.
മുംബൈയില്‍ നായകനാവാന്‍ സാധിക്കില്ലെന്ന കാര്യവും പറഞ്ഞാണ് ഹാര്‍ദ്ദിക് ടീം വിടുന്നത്. എന്നിട്ട് ഗുജറാത്ത് നായകനാകാനും അവര്‍ക്ക് കിരീടം നേടികൊടുക്കാനും ഹാര്‍ദ്ദിക്കായി. ഗുജറാത്തിലെത്തിയ ശേഷം മുംബൈ ഇന്ത്യൻസിനെതിരെ താരം പറഞ്ഞ വാക്കുകളും വിവാദമായിരുന്നു. ജീവിതത്തില്‍ പണം, പാരമ്പര്യം എന്തിനാണ് നിങ്ങള്‍ കൂടുതല്‍ വിലയിടുന്നത് അതാണ് നിങ്ങളെ വിലയിരുത്തുന്നത്. ഹാര്‍ദ്ദിക് മുംബൈയിലെത്തുമ്പോള്‍ എന്തായാലും നായകസ്ഥാനം ലഭിക്കില്ല. പിന്നെ എന്തിനാണ് തിരികെ വരുന്നത്.ഇത്തരത്തില്‍ ചെയ്യാന്‍ വലിയ തൊലിക്കട്ടി തന്നെ വേണം. ആകാശ് ചോപ്ര പറഞ്ഞു.