നൂറ് മീറ്ററിനു മുകളിലുള്ള സിക്‌സിന് എട്ട് റണ്‍സ് ! ക്രിക്കറ്റില്‍ ഇങ്ങനെയൊരു മാറ്റം വന്നാലോ?
രേണുക വേണു|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (15:35 IST)
സിക്‌സ് അടിക്കാന്‍ ആരെക്കൊണ്ടും പറ്റും, എന്നാല്‍ നൂറ് മീറ്ററിന് മുകളിലുള്ള സിക്‌സ് അടിക്കാന്‍ ഒരു റേഞ്ചൊക്കെ വേണം എന്ന നിലപാടിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഐസിസിയുടെ (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) പത്ത് നിയമങ്ങളില്‍ ചില മാറ്റങ്ങളൊക്കെ കൊണ്ടുവരണമെന്ന് ആകാശ് ചോപ്ര ആവശ്യപ്പെടുകയാണ്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് നൂറ് മീറ്ററിന് മുകളിലുള്ള സിക്‌സുകള്‍ക്ക് കിട്ടേണ്ട പരിഗണന.
'നൂറ് മീറ്റര്‍ പ്ലസ് സിക്‌സുകള്‍ക്ക് എട്ട് റണ്‍സ് അനുവദിക്കണം. ഇത്ര വലിയ സിക്‌സ് അടിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ പ്രത്യേക പരിഗണന നല്‍കണം. 90 മീറ്റര്‍ സിക്‌സുകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്, നൂറ് മീറ്റര്‍ സിക്‌സുകളുടെയാണ്. നൂറ് മീറ്റര്‍ സിക്‌സ് അടിക്കാന്‍ നല്ല കായികബലം വേണം. ചില ലീഗുകള്‍ ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു,' തന്റെ യുട്യൂബ് വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു. സാധാരണ ഒരു സിക്‌സിന് ആറ് റണ്‍സാണ് അനുവദിക്കുക. നൂറ് മീറ്റര്‍ സിക്‌സിന് ആറ് റണ്‍സിന് പകരം എട്ട് റണ്‍സ് അനുവദിക്കണമെന്ന അഭിപ്രായം വിചിത്രമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. വേറെയും ഒന്‍പത് നിയമങ്ങളില്‍ മാറ്റം വേണമെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്.