ഓസീസിന് ആദ്യ വിക്കറ്റ് നഷ്‌ടമായി; വാര്‍ണര്‍ ക്രീസില്‍ - 38/1

 ലോകകപ്പ് ക്രിക്കര്‍റ്റ്, ഓസ്ട്രേലിയ ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനല്‍
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (13:38 IST)
ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഒടുവില്‍ വിവരം ലഭിക്കുബോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 38 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറും (28*) സ്‌റ്റീവന്‍ സ്‌മിത്തുമാണ് (5*) ക്രീസില്‍. റണ്‍സ് ഒന്നുമെടുക്കാതെ ആരോണ്‍ ഫിഞ്ചാണ് പുറത്തായത്.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം വിക്കറ്റില്‍ തന്നെ ഫിഞ്ചിനെ നഷ്‌ടമാകുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.

നേരത്തെ 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 40 റണ്‍സെടുത്ത റോസ് ടെയ്‌ലറും 83 റണ്‍സെടുത്ത ഗ്രാന്റ് എലിയട്ടും മാത്രമാണ് കിവികള്‍ക്കായി പൊരുതി നോക്കാന്‍ പോലും ശ്രമിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ജയിംസ് ഫോക്ക്‍നറും മിച്ചല്‍ ജോണ്‍സണുമാണ് അവരെ തകര്‍ത്തത്.

ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം നായകന്‍ തന്നെ തെറ്റിക്കുകയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മക്കല്ലത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. മിച്ചല്‍ സ്‌റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ കെയ്‌ന്‍ വില്ല്യംസണിനെ കൂട്ടുപിടിച്ച് മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ സ്‌കേര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 12മത് ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പന്തില്‍ കുറ്റിതെറിച്ച് ഗുപ്‌റ്റില്‍ (15) പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ടെയ്‌ലര്‍ എത്തിയെങ്കിലും 13മത് ഓവറില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ അദ്ദേഹത്തിനു തന്നെ ക്യാച്ച് നല്‍കി വില്ല്യംസണ്‍ (12) പുറത്താകുകയായിരുന്നു.

മൂന്നിന് 39 എന്ന് തകര്‍ന്ന് ന്യൂസിലന്‍ഡിനെ ടെയ്‌ലറും
ഗ്രാന്റ് എലിയട്ടും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച് പതിയെ താളം കണ്ടെത്തി കളിക്കുകയായിരുന്നു ഇരുവരും. മോശം പന്തുകളെ മാത്രം റണ്‍സിനായി ആശ്രയിച്ച ഇരുവരും ചേര്‍ന്ന് 111റണ്‍സിന്റെ കൂട്ടുക്കെട്ട് ചേര്‍ത്തു. വിക്കറ്റ് നഷ്‌ടപ്പെടാതെ അവസാന ഓവര്‍വരെ പിടിച്ചു നില്‍ക്കുക എന്ന തന്ത്രമാണ് ഇരുവരും നടപ്പാക്കുന്നത്. പവര്‍ പ്ലേ ആരംഭിച്ച 36മത്തെ ഓവറിലെ ആദ്യ പന്തില്‍ ജയിംസ് ഫോക്ക്‍നര്‍ ടെയ്‌ലറെ പുറത്താക്കിയതോടെ കിവിസിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു. ആ ഓവറിലെ നാലാം പന്തില്‍ വെടിക്കെട്ട് താരം കോറി ആന്‍ഡേഴ്‌സന്റെ കുറ്റി തെറിച്ചതോടെ കിവികളുടെ കൂട്ട തകര്‍ച്ച തുടങ്ങുകയായിരുന്നു. 37മത് ഓവറില്‍ ലൂക്ക് റോഞ്ചിയെ (0) സ്‌റ്റാര്‍ക്ക് പുറത്താക്കിയതോടെ ഓസ്ട്രേലിയ കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

41മത്തെ ഓവറില്‍ ഡാനിയല്‍ വെട്ടോറിയെ (9) പുറത്താക്കി ജോണ്‍സണ്‍ വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. അടുത്ത ഊഴം അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു എലിയട്ടിന്റെയായിരുന്നു. 42മത്തെ ഓവറിലെ അഞ്ചാം പന്തില്‍ ഫോക്ക്നര്‍ എലിയട്ടിനെ പുറത്താക്കി കിവികളുടെ നാശം വേഗത്തിലാക്കി. പിന്നീട് മാര്‍ക്ക് ഹെന്‍ട്രി (0), ട്രെന്റ് ബോള്‍ട്ട് (0), ടീം സൌത്തി (11) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :