കൊൽക്കത്ത|
സജിത്ത്|
Last Modified ശനി, 24 ജൂണ്‍ 2017 (09:06 IST)
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ എറാപ്പള്ളി പ്രസന്ന. താന്‍ തന്നെയാണ് ടീമിന്റെ ബോസ് എന്ന തോന്നല്‍ കോഹ്ലിക്കുണ്ടെങ്കില് പിന്നെ ഇന്ത്യക്കെന്തിനാ മറ്റൊരു കോച്ച് എന്നാണ് പ്രസന്ന ചോദിക്കുന്നത്. കോഹ്ലിയും കോച്ചിങ് സ്ഥാനം രാജിവെച്ച അനിൽ കുംബ്ലെയും തമ്മിലുണ്ടായിരുന്ന പോരിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പ്രസന്ന മറുചോദ്യമുന്നയിച്ചത്.
ക്യാപ്റ്റൻ തന്നെ കോച്ചാവുകയാണെങ്കിൽ, ഇന്ത്യൻ ടീമിനെന്തിനാണൊരു കോച്ച്? ഇവർക്ക് ബാറ്റിങ് കോച്ചും ഫീൽഡിങ് കോച്ചും വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച ബാറ്റ്സ്മാനാണ് കോഹ്ലിയെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാൽ, അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടെന്നും പ്രസന്ന പറയുന്നു.
കുംബ്ലെയെ പോലെയുള്ള ഇന്ത്യയുടെ ഇതിഹാസതാരത്തിനെ പോലും അനുസരിക്കാനും ബഹുമാനിക്കാനും ഇവർക്ക് കഴിയുന്നില്ലെങ്കില്‍ ബാറ്റിങ്, ബൗളിങ് കോച്ചുകളായ സഞ്ജയ് ബംഗാർ, ആർ. ശ്രീധർ എന്നിവർക്കും ഒരു തരത്തിലുള്ള ബഹുമാനവും ലഭിക്കില്ലെന്നുറപ്പാണ്. വെസ്റ്റിൻഡീസ് സന്ദർശനത്തിനുള്ള ടീമില്‍ യുവതാരങ്ങളെയായിരുന്നു കൂടുതൽ ഉൾപ്പെടുത്തേണ്ടിയിരുന്നതെന്നും മുൻ ഇന്ത്യൻ സ്പിന്നര്‍ പറഞ്ഞു.