കരീബിയന്‍ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ നിര ബാറ്റ്സ്മാന്മാരുടെ പ്രകടനം മോശമാകാന്‍ കാരണം അമിത മദ്യപാനമായിരുന്നെന്ന് മുന്‍ ഫിസിയോയുടെ കുറ്റപ്പെടുത്തല്‍. കളി തുടങ്ങുന്നതിനു മുമ്പ് വരെ പ്രധാന കളിക്കാര്‍ കുടിച്ചു കൂത്താടുകയായിരുന്നു എന്ന ആരോപണവുമായി ടീമിനെതിരെ രംഗത്തു വന്നിരിക്കുന്നത് മുന്‍ ഫിറ്റ്നസ് ട്രയ്നര്‍ അഡ്രിയാന്‍ ലീറോക്സാണ്.
എല്ലാ കളിക്കാരും ഈ ആരോപണത്തില്‍ ഉള്‍പ്പെടുന്നില്ല. പ്രകടനം മോശമായ ഏതാനും ചില പ്രധാന താരങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്നും കളിക്കാരുടെ പേരു പറയാതെ ലീറൊക്സ് വ്യക്തമാക്കി. കളി തുടങ്ങുന്നതിനു 72 മണിക്കൂര്‍ മുമ്പ് വരെ കുടിക്കുന്ന മദ്യം പോലും കളിക്കാരുടെ യഥാര്‍ത്ഥ ശേഷി പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്നും പേശി വലിവിനിടയാക്കുമെന്നും പറയുന്നു.
എന്നാല്‍ ലോകകപ്പ് മത്സരത്തിനിടയില്‍ നായകന് ഗ്രെയിം സ്മിത്തിനെയും ഫാസ്റ്റ് ബൌളര്‍ ഡിവിലിയേഴ്സിനെയും പേശിവലിവ് ബുദ്ധിമുട്ടിച്ചിരുന്നു. ലോകകപ്പിനു ശേഷം ലീറോക്സ് പണി മതിയാക്കുകയായിരുന്നു. തന്റെ നിര്‍ദ്ദേശങ്ങള്‍ കളിക്കാര്‍ ചെവിക്കൊണ്ടില്ലെന്നും കൂടുതല്‍ ഉത്തരവാദിത്വമുള്ള കളിക്കാര്‍ പോലും അപക്വമായിട്ടാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതിനു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ചില താരങ്ങള്‍ മറ്റു ചിലരെ വിമര്‍ശിക്കുകയുമുണ്ടായി. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ടെലിമാക്കസ് ഒഴികെയുള്ള കളിക്കാരെല്ലാം കായികമായി മികച്ച സ്ഥിതിയില്‍ രണ്ടു മാസ ടൂര്‍ണമെന്റിനു സന്നദ്ധമായിരുന്നു. എന്നാല്‍ രണ്ടാം റൌണ്ടില്‍ തന്നെ ഏകദിന റാങ്കിംഗില്‍ ഒന്നാമതു നിന്ന ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനോട് പരാജയപ്പെട്ടതു ലീ റോക്സ് ചൂണ്ടിക്കാട്ടുന്നു.