ഹര്‍ഭജനെ ശിക്ഷിക്കണമായിരുന്നു: സൈമൊ

മെല്‍ബണ്‍| WEBDUNIA|
PRO
‘മങ്കി ഗേറ്റ്’ വിവാദത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ശിക്ഷിക്കപ്പെടണമായിരുന്നുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു സൈമണ്ട്സ്. സത്യവും നീതിയും സാമാന്യബുദ്ധിയും കണക്കിലെടുത്താല്‍ ഹര്‍ഭജന് ശിക്ഷ ലഭിക്കണമായിരുന്നുവെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈമണ്ട്സ് പറഞ്ഞു.

ഹര്‍ഭജനെ രക്ഷിച്ചെടുക്കാന്‍ ബി സി സി ഐ സ്വാധീനം ഉപയോഗിച്ചുവെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും അവര്‍ സ്വാധീനിച്ചുവെന്നും സൈമൊ പറഞ്ഞു. ആ സമയത്ത് എന്‍റെ ടീം അംഗങ്ങള്‍ പോലും വിഡ്ഡികളെപ്പോലെയാണ് പെരുമാറിയത്. ഹര്‍ഭജന്‍ എന്നെ വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ അത്തരമൊരു പരാമര്‍ശമേ നടത്തിയിട്ടില്ലെന്ന് നുണപറഞ്ഞു.

പിന്നീട് അത് പ്രചരിപ്പിക്കുകയും ചെയ്തു. അതിനുശേഷം അത് ഒരു രാഷ്ട്രീയ പ്രശ്നമായി മാറി. ആ സമയത്ത് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ഒരു വിഡ്ഡിയെപ്പോലെയാണ് പെരുമാറിയത്. മറ്റ് ടീം അംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വിവാദങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെയും ഡ്രസ്സിംഗ് റൂമിലെയും അന്തരീക്ഷത്തില്‍ മാറ്റം വന്നു.

എനിക്ക് പരിചിതമായിരുന്ന അന്തരീക്ഷമായിരുന്നില്ല പിന്നീട്. അവിടെ രാഷ്ട്രീയം വന്നു. പുതിയ നിയമങ്ങള്‍ വന്നു. എനിക്ക് ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയാതെയായി. അതാണ് തന്നെ മദ്യപാനത്തിലേയ്ക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിച്ചതെന്നും സൈമൊ പറഞ്ഞു. 2008ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് ഹര്‍ഭജന്‍ സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണമുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള കരാര്‍ സൈമണ്ട്സ് അവസാനിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :