സ്പോണ്‍സര്‍മാരില്ല: സൊഹെയ്‌ലിന് സ്ഥാനം പോയി

കറാച്ചി| WEBDUNIA|
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ മാര്‍ക്കറ്റിംഗ് ഡയറക്ടറുടെ അധിക ചുമതലയില്‍ നിന്നും മുന്‍ ക്യാപ്റ്റന്‍ ആമിര്‍ സൊഹെയ്‌ലിനെ പിസിബി നീക്കി. ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയ്ക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

പിസിബി ചെയര്‍മാന്‍ ഇജാസ് ബട്ടാണ് തീരുമാനമെടുത്തത്. പാകിസ്ഥാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറാണ് ആമിര്‍ സൊഹെയ്‌ല്‍. ഇതിന് പുറമെയായിരുന്നു പിസിബിയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ എന്ന അധികച്ചുമതല വഹിച്ചിരുന്നത്. അബുദബിയിലും ദുബായിലുമായി ഏപ്രില്‍ 22 മുതലാണ് ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാന്‍ മത്സരത്തിനിറങ്ങുക.

സ്പോണ്‍സര്‍ഷിപ്പിനായി സൊഹെയ്‌ല്‍ ദുബായ്ക്ക് പോയിരുന്നെങ്കിലും ഒരു കരാര്‍ പോലും ഉറപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സൊഹെയ്‌ലിനെ ഈ സ്ഥാനത്ത് നിന്നും നീക്കിയതെന്ന് ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പുതിയ മാര്‍ക്കറ്റിംഗ് ഡയറക്ടറെ തേടി പിസിബി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എത്രയും വേഗം പകരം ആളെ നിയമിക്കുമെന്ന് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലീം അല്‍താഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :