ക്രിക്കറ്റ് വാതുവയ്പുകാര്ക്കിടയിലെ ഹോട്ട് വിഷയമാണ് സച്ചിന്റെ ചരിത്ര സെഞ്ച്വറി. ഇതിനായുള്ള വാതുവയ്പ് തുക 200 കോടി കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സില്‍ സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി പിറക്കുമോ എന്നതിനെ ചൊല്ലിയാണ് ബെറ്റ് തകര്‍ക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടായിരാമത്തെ മത്സരത്തില്‍ സച്ചിന് സെഞ്ച്വറിയടിച്ചാലും റണ്ണൊന്നുമെടുക്കാതെ പുറത്തായാലും കാശുണ്ടാക്കാന്‍ നോക്കിയിരിക്കുകയാണ് വാതുവയ്പുകാര്‍.
ലോകകപ്പിനും ഐപിഎല്ലിനും പൊലീസിനെ ഭയന്ന് തലതാഴ്ത്തിയ വാതുവയ്പുകാര്‍ ഇപ്പോള്‍ പുതിയ സ്ഥലങ്ങളാണ് മേച്ചില്പ്പുറങ്ങളാക്കിയിരിക്കുന്നത്. ഹരിദ്വാര്‍, ഗാസിയബാദ് തുടങ്ങിയ നഗരങ്ങളാണത്രേ ഇപ്പോള്‍ ഇവര്‍ക്ക് പഥ്യം. സച്ചിനടക്കമുള്ള പ്രധാന കളിക്കാര്‍ ഇല്ലാത്തതു കാരണം വെസ്റ്റിന്‍ഡീസ് പര്യടനം വാതുവയ്പുകാര്‍ സ്വീകരിച്ചത് അത്ര ആഘോഷത്തോടെയായിരുന്നില്ല.
എന്നാല്‍, ചരിത്രങ്ങള്‍ സമ്മേളിക്കുന്ന ഇംഗ്ലണ്ട് പര്യടനമെത്തിയതോടെ ക്രിക്കറ്റ് വാതുവയ്പ് സജീവമായി. ഇവിടെ, സച്ചിന്റെ സെഞ്ച്വറിയാണ് മത്സര വിജയത്തെക്കാള്‍ വാതുവയ്പുകാര്‍ക്ക് ഇഷ്ടവിഷയമായത്. സച്ചിന് ശതകങ്ങളുടെ ശതകം സ്വന്തമാക്കുമെന്ന് പറഞ്ഞ് 40 രൂപ വാതുവയ്ക്കുന്നവര് വിജയിച്ചാല്‍ 90 രൂപയാണ് ലഭിക്കുന്നത്.
വാതുവയ്പുകാര്ക്കെതിരെപൊലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലോകകപ്പ് സമയത്ത് 40 പേരെയും ഐപിഎല്‍ സമയത്ത് 15 പേരെയുമാണ് അറസ്റ്റ് ചെയ്തത്. 13.55 കോടി രൂപയും പിടിച്ചെടുത്തിരുന്നു.