ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഐപി‌എല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക്. ബി സി സി ഐ അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 29ന് ചേരുന്ന ബി സി സി ഐ പ്രവര്‍ത്തകസമിതി യോഗത്തില്‍ അച്ചടക്ക സമിതി റിപ്പോര്‍ട്ട് പരിഗണനയ്ക്ക് വരും. പ്രവര്‍ത്തകസമിതി യോഗം ഈ റിപ്പോര്‍ട്ട് അംഗീകരിച്ചുകഴിഞ്ഞാല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ശ്രീശാന്തിന്‍റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുക.

എന്‍ ശ്രീനിവാസന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ബിസിസിഐ അന്വേഷണ കമ്മീഷന്‍ രവി ചന്ദാനിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അച്ചടക്കസമിതി നടപടിയെടുത്തിരിക്കുന്നത്. രവി ചന്ദാനിയുടെ റിപ്പോര്‍ട്ടില്‍ ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പരാമര്‍ശിച്ചിരുന്നു.

ശ്രീശാന്തിനുപുറമേ അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിത് സിംഗിന് അഞ്ചുവര്‍ഷവും സിദ്ദാര്‍ത്ഥ് ത്രിവേദിക്ക് ഒരുവര്‍ഷവും വിലക്ക് ലഭിച്ചു. ഹര്‍മീത് സിംഗിനെതിരെ നടപടിയൊന്നുമുണ്ടാകില്ല. അജിത് ചാന്ദിലയുടെ കാര്യത്തിലുള്ള നടപടി പിന്നീട് സ്വീകരിക്കും. അച്ചടക്ക സമിതിക്ക് മുമ്പില്‍ ഹാജരാകാതിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ ഭാഗം കേള്‍ക്കാന്‍ അച്ചടക്ക സമിതിക്ക് കഴിഞ്ഞിട്ടില്ല.

വാതുവയ്പുകാരുമായി ധാരണയുണ്ടാക്കി, വാതുവയ്പുകാരുടെ നിര്‍ദ്ദേശപ്രകാരം റണ്‍സ് വഴങ്ങി തുടങ്ങിയവയാണ് ശ്രീശാന്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന പ്രധാന കുറ്റങ്ങള്‍. വാതുവയ്പുകാരുമായി ശ്രീശാന്തിന് നേരത്തേ ബന്ധമുണ്ടെന്നും രവി ചന്ദാനിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജിജു ജനാര്‍ദ്ദനന്‍ വഴി ശ്രീശാന്ത് വാതുവയ്പുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ കമ്മീഷന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :