വെസ്റ്റിന്‍ഡീസ് പര്യടനം: മുതിര്‍ന്ന താരങ്ങള്‍ വിട്ടുനിന്നേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ജൂണില്‍ നടക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ചില മുതിര്‍ന്ന താരങ്ങള്‍ മാറിനില്‍ക്കാന്‍ സാധ്യത. നായകന്‍ ധോണി അടക്കമുള്ള ആറോളം മുതിര്‍ന്ന താരങ്ങള്‍ മാറി നില്‍ക്കാനാണ് സാധ്യതയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അടുപ്പിച്ച് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ വിശ്രമം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ മാറി നില്‍ക്കുന്നത്.

ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദ്ര സെവാഗ്, ഗൌതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പര്യടനത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് സാധ്യത. ഇവരില്‍ സെവാഗ് ഒഴികയുള്ളവര്‍ പര്യടനത്തിലെ ഏകദിനമത്സരങ്ങളില്‍ നിന്ന് മാത്രമേ മാറി നില്‍ക്കാന്‍ സാധ്യതയുള്ളൂ. പരുക്ക് അലട്ടുന്ന സെവാഗിന് മുഴുവന്‍ മത്സരങ്ങളും നഷ്ടപ്പെടാനാണ് സാധ്യത.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഒരു ട്വെന്റി 20 മത്സരവുമാണ് നടക്കുക.

ലോകകപ്പിന് ശേഷം ഐ പി എല്ലിനു പങ്കെടുക്കേണ്ടതിനാല്‍ താരങ്ങള്‍ക്ക് വിശ്രമം ലഭിച്ചിരുന്നില്ല. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം ലഭിച്ചാല്‍ മാത്രമേ നിര്‍ണ്ണായകമായ ഇംഗ്ലണ്ട്, ഓസീസ് പര്യടനങ്ങള്‍ക്ക് സജ്ജമാകാന്‍ പറ്റുകയുള്ളൂവെന്നാണ് മുതിര്‍ന്ന താരങ്ങള്‍ പറയുന്നത്. ഇതിനാല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില താരങ്ങള്‍ ബി സി സി ഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെനന്നും റിപ്പോര്‍ട്ടുണ്ട്.

മുതിര്‍ന്ന താരങ്ങള്‍ വിട്ടുനിന്നാല്‍ ഐ പി എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന അംബാടി റായുഡുവിനും വാല്‍താട്ടിക്കും അവസരം ലഭിച്ചേക്കും. ലോകകപ്പിലെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് ജേതാവും തകര്‍പ്പന്‍ ഫോമിലുമുള്ള യുവരാജ് നായകനായേക്കുമെന്നും പറയുന്നു.

എന്നാല്‍ ബി സി സി ഐ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി ഈ വാര്‍ത്തകള്‍ നിഷേധിച്ചു. ഇക്കാര്യത്തെ കുറിച്ച് അറിവില്ല; അതിനാല്‍ പ്രതികരിക്കാനില്ലെന്നാണ് രത്നാകര്‍ ഷെട്ടി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :