വന്‍‌മതിലായി കാലിസ്

നാഗ്‌പൂര്‍| WEBDUNIA|
PRO
ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ വന്‍‌മതില്‍ കെട്ടിയ ജാക് കാലിസിന്‍റെയും ഹാഷിം അം‌ലയുടെ മികവില്‍ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ശക്തമായ നിലയിലെത്തി. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന മികച്ച നിലയിലെത്തി. പതറാത്ത പ്രതിരോധവുമായി കാലിസും (159), അം‌ലയും (115) ക്രീസില്‍.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു കൊണ്ടാണ് സഹീറും ഇന്ത്യയും തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണല്‍ ആഷ്‌വെല്‍ പ്രിന്‍സ് റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ തിരിച്ചെത്തി. സഹീറിന്‍റെ ബൌണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാനുളള ശ്രമത്തില്‍ പ്രിന്‍‌സിന്‍റെ ഗ്ലൌസില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റിനു പിന്നില്‍ നായകന്‍ ധോണിയുടെ കൈകളില്‍ വിശ്രമിച്ചു.

അധികം കഴിയുന്നതിനു മുന്‍പേ ഫോമിലുള്ള നായകന്‍ ഗ്രെയിംസ് സ്മിത്തിന്‍റെ (6) മിഡില്‍ സ്റ്റമ്പിളക്കി സഹീര്‍ സന്ദര്‍ശകര്‍ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഇന്ത്യയുടെ ആഘോഷം അവിടെ തീര്‍ന്നു. സഹീറിന് പിന്തുണ നല്‍കുന്നതില്‍ ഇഷാന്തും ഹര്‍ഭജനും മിശ്രയുമടക്കമുള്ള ബൌളര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്ക പടിപടിയായി കരകയറി.

ആക്രമണവും പ്രതിരോധവും ഒരുപോലെ വിളക്കിച്ചേര്‍ത്ത കാലിസ് 165 പന്തില്‍ 34ആം സെഞ്ച്വറി തികച്ചു. ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ കൂട്ടത്തില്‍ മൂന്നാമനാവാനും ഇതോടെ കാലിസിനായി. കാലിസിന് ഉറച്ച പിന്തുണ നല്‍കിയ അം‌ല 204 പന്തിലാണ് മൂന്നക്കം കടന്നത്. 84 ആം ഓവറില്‍ നായകന്‍ ധോണി പുതിയ പന്തെടുത്തെങ്കിലും കാലിസിന്‍റെയും അം‌ലയുടെയും പ്രതിരോധപ്പൂട്ടു പൊളിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :