വഖാറിന്‍റെ നിയമനത്തിനെതിരെ മിയാന്‍‌ദാദ്

ലാഹോര്‍| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (15:15 IST)
PRO
വഖാര്‍ യൂനിസിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചതിനെതിരെ പിസിബി ഡയറക്ടര്‍ ജനറല്‍ ജാവേദ് മിയാന്‍‌ദാദ് രംഗത്ത്. ഒത്തുകളി വിവാദത്തില്‍ വഖാറിന്‍റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് മിയാന്‍‌ദാദ് നിയമനത്തിനെതിരെ രംഗത്ത് വന്നത്.

വഖാറിന്‍റെ നിയമനത്തില്‍ താന്‍ അതിശയപ്പെട്ടെന്നായിരുന്നു മിയാന്‍‌ദാദിന്‍റെ പ്രതികരണം. ഒത്തുകളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മാലിക് ഖയ്യൂം റിപ്പോര്‍ട്ട് പിസിബി അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

പകിസ്ഥാന്‍ ക്രിക്കറ്റില്‍ വഖാര്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് യാതൊരു സ്ഥാനവും നല്‍കരുതെന്ന് മാലിക് ഖയ്യൂം റിപ്പോര്‍ട്ടില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നെന്നും എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വഖാറിന് പരിശീലക സ്ഥാനം നല്‍കിയതിന്‍റെ യുക്തി എന്തെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും മിയാന്‍‌ദാദ് തുറന്നടിച്ചു. പാക് ടീമിന്‍റെ ബൌളിംഗ് ഫീല്‍ഡിംഗ് കോച്ചായി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉണ്ടായിരുന്ന വഖാര്‍ ശ്രദ്ധിക്കപ്പെടുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നും മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. മുഴുവന്‍ സമയ പരിശീ‍ലകന്‍ എന്ന നിലയില്‍ വഖാറിന് മുന്‍ പരിചയമില്ലെന്നും മിയാന്‍‌ദാദ് പറഞ്ഞു.

ഒരു വിദേശ കണ്‍സള്‍ട്ടന്‍റിനെ ടീമിനൊപ്പം നിയമിക്കാനുള്ള പിസിബിയുടെ തീരുമാനത്തെയും മിയാന്‍‌ദാദ് വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ഒരു വിദേശ കണ്‍സള്‍ട്ടന്‍റിനായി എന്തിനാണ് പണം പാഴാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :