'ലാല്‍ടീം’ പൊരുതിത്തോറ്റു!

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 21 ജനുവരി 2012 (18:49 IST)
മോഹന്‍ലാലിന്‍റെ കുട്ടികള്‍ക്ക് തമിഴ് താരങ്ങളുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. അതിലുപരി കേരളാ സ്ട്രൈക്കേഴ്സിന്‍റെ പരിചയക്കുറവും വിനയായി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ റൈനോസിനോട് ഒരു വിക്കറ്റിന് പരാജയപ്പെട്ടു.

113 എന്ന വിജയലക്‍ഷ്യവുമായി ഗ്രൌണ്ടിലിറങ്ങിയ ചെന്നൈ റൈനോസ് 19.2 ഓവറില്‍ ലക്‍ഷ്യം കണ്ടു. എന്നാല്‍ അവസാന ഓവര്‍ വരെ ആവേശം കൊടുമുടിയോളമെത്തിയ മത്സരമായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ ചെന്നൈ ടീം പരാജയത്തെ മുഖാമുഖം കണ്ടിരുന്നു. പത്തൊമ്പതാമത്തെ ഓവറില്‍ വിവേക് ഗോപന്‍ ഒട്ടേറെ എക്സ്‌ട്രാ റണ്ണുകള്‍ വഴങ്ങിയതാണ് കേരള ടീമിന്‍റെ പരാജയത്തിന് കാരണം.

23 വൈഡുകളാണ് കേരള സ്ട്രൈക്കേഴ്സിന്‍റെ ബൌളര്‍മാര്‍ എറിഞ്ഞത്. അവസാന ഓവറുകളില്‍ ആര്യ സമചിത്തതയോടെ പിടിച്ചുനിന്നതാണ് ചെന്നൈക്ക് ഗുണമായത്.

നേരത്തേ, ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് 112 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നായകന്‍ മോഹന്‍ലാലാണ് അവസാനം ഔട്ടായത്. മോഹന്‍ലാല്‍ പൂജ്യത്തിനാണ് പുറത്തായത്. കേരളത്തിന്‍റെ വൈസ് ക്യാപ്ടന്‍ കുഞ്ചാക്കോ ബോബനും റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്.

രാജീവ് പിള്ളയും സൈജു കുറുപ്പുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. രാജീവ് പിള്ള അര്‍ദ്ധസെഞ്ച്വറിക്ക് അടുത്ത് പുറത്തായതോടെയാണ് കേരളം തകര്‍ച്ച തുടങ്ങിയത്. മണിക്കുട്ടന്‍, നിഖില്‍, വിനോദ് ഗോപന്‍, വിനു മോഹന്‍ എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് 112ന് എല്ലാവരും പുറത്താകുന്ന സ്ഥിതിയിലേക്കെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :