റെയ്നയോട് കയര്‍ത്തതിന് ജഡേജയ്ക്ക് ബിസിസിഐയുടെ താക്കീത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
സഹതാരം സുരേഷ്‌ റെയ്നയോട്‌ കയര്‍ത്തതിന് രവീന്ദ്ര ജഡേജയെ താക്കീത്‌ ചെയ്തതായി റിപ്പോര്‍ട്ട്‌. ത്രിരാഷ്ട്ര പരമ്പരയിലെ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലാണ് സഹതാരം സുരേഷ്‌ റെയ്നയോട്‌ രവീന്ദ്ര കയര്‍ത്തത്.

ഫീല്‍ഡിംഗിനിടെ രണ്ടു ക്യാച്ചുകള്‍ റെയ്ന നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ജഡേജ ദേഷ്യപ്പെട്ടത്‌. എം എസ്‌ ധോണിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാത്തതില്‍ റെയ്നയ്ക്ക്‌ അമര്‍ഷമുണ്ടെന്നും ഫീല്‍ഡിംഗില്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും ജഡേജ പറഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍‌.

വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിലെ മുപ്പത്തിനാലാമത്തെ ഓവറിലായിരുന്നു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. രവീന്ദ്ര ജഡേജ ബൗള്‍ ചെയ്ത ഓവറില്‍ വെസ്റ്റിന്‍ഡീസിന്റെ ഒമ്പതാമന്‍ സുനില്‍ നരെയ്നെ ഇഷാന്ത് ശര്‍മ്മ പിടിച്ചു പുറത്താക്കി. ഇതേത്തുടര്‍ന്ന് റെയ്നയ്ക്ക് നേരെ നടന്നടുത്ത ജഡേജ തട്ടിക്കയറി. റെയ്നയും വിട്ടുകൊടുത്തില്ല.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇടപെട്ട് രണ്ടുപേരെയും പിന്തിരിപ്പിക്കുകയായിരുന്നു. നേരത്തെ താന്‍ എറിഞ്ഞ ഓവറില്‍ നരെയ്ന്‍റെ ക്യാച്ച് റെയ്ന വിട്ടുകളഞ്ഞതാണ് ജഡേജയെ ചൊടിപ്പിച്ചത്.

എന്നാല്‍ ജഡേജയും റെയ്നയും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും എല്ലാം പറഞ്ഞുതീര്‍ത്തിട്ടുണ്ടെന്നും ടീം വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുശേഷം ഇരുവരും ഒന്നിച്ച് സംസാരിക്കുകയും ചായ കുടിക്കുകയുമൊക്കെ ചെയ്തു. വൈകുന്നേരം ബീച്ചില്‍ പോയപ്പോഴും ജഡേജയും റെയ്നയും ഒന്നിച്ചായിരുന്നുവെന്നും ടീം വൃത്തങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :