രാഷ്ട്രീയ ഇന്നിംഗ്സ് തുറക്കാന്‍ ജയസൂര്യ

കൊളംബൊ| WEBDUNIA|
PRO
ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍ സനത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്സ് തുടങ്ങാന്‍ തയ്യാറെടുക്കുന്നു. ശ്രീലങ്കന്‍ ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ട 40കാരനായ ജയസൂര്യയുടെ ക്രിക്കറ്റ് കരിയര്‍ അസ്തമയത്തോടടുക്കുന്ന വേളയിലാണ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുന്നത്. ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പരിപാടിയില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് ജയസൂര്യ പറഞ്ഞു.

ഭരണകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍ ഫ്രീഡം അലയന്‍സ് (യു പി എഫ് എ)യുടെ സ്ഥാനാര്‍ത്ഥിയായി ജയസൂര്യയുടെ ജന്‍‌മസ്ഥലമായ തെക്കന്‍ തീരദേശമേഖലയിലെ മട്ടാറയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ജയസൂര്യ.രാഷ്ട്രീയവും ക്രിക്കറ്റും ഒരുമിച്ച് കൊണ്ടു പോകാനാണ് പദ്ധതിയെന്ന് ജയസൂര്യ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും ജയസൂര്യ പറഞ്ഞു.

ക്രിക്കറ്ററെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും എനിക്ക് ഒരുപ്പൊലെ ശോഭിക്കാന്‍ കഴിയും. ശ്രീലങ്കയെ പ്രതിനിധീകരിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയായാണ് കരുതുന്നത്. അതുപോലെ മട്ടാറയിലെ ജനങ്ങളെ സേവിക്കാന്‍ കഴിയുക എന്നതും ഒരു ബഹുമതിയാണെന്നും ജയസൂര്യ പറഞ്ഞു.

1989ല്‍ അരങ്ങേറിയ ജയസൂര്യ 21 വര്‍ഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ശ്രീലങ്കയ്ക്കായി 110 ടെസ്റ്റുകളിലും 444 ഏകദിനങ്ങളിലും ജയസൂര്യ പാഡണിഞ്ഞിട്ടുണ്ട്. 1996ലെ ലോകകപ്പ് ലങ്കയ്ക്ക് നേടിക്കൊടുക്കുന്നതില്‍ ജയസൂര്യ നിര്‍ണായക പങ്കാണ് വഹിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :