രാജസ്ഥാന് തോല്‍‌വി; പുറത്തേക്ക്

ജയ്‌പൂര്‍| WEBDUNIA|
നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. സെമിസാധ്യതകള്‍ക്ക് ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ബാംഗ്ലൂരാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. ബാറ്റിംഗില്‍ പൂര്‍ണ പരാജയമായിരുന്ന രാജസ്ഥാന്‍ അഞ്ചു വിക്കറ്റിനാണ് തോറ്റത്. ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ ബാംഗ്ലൂര്‍ 15.3 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ വിജയം കണ്ടു.

പീറ്റേഴ്‌സന്റെ വെടിക്കെട്ട് പ്രകടനമാണ് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കിയത്‌. പീറ്റേഴ്‌സണ്‍ 29 പന്തില്‍ 62 റണ്‍ നേടി. ഓപ്പണര്‍ കാലിസ്‌ റണ്ണെടുക്കും മുമ്പെ മടങ്ങിയെങ്കിലും പീറ്റേഴ്‌സണ്‍ രാജസ്ഥാന്‍ ബൌളര്‍മാരെ അടിച്ചു നിരത്തി. പീറ്റേഴ്സണ് ശേഷം ക്രീസിലെത്തിയ ഉത്തപ്പ 26 റണ്‍സ് നേടി.

ബാംഗ്ലൂരിന്റെ അച്ചടക്കമുള്ള ബൗളിംഗാണ്‌ രാജസ്ഥാന്റെ സ്കോര്‍ വെട്ടിച്ചുരുക്കിയത്. വാട്ട്‌സണും ജുന്‍ജുന്‍വാലയും പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മികച്ച സ്കോര്‍ കണ്ടെത്താനായില്ല. പതിനൊന്നാം ഓവറില്‍ വാട്സണ്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 53ലായിരുന്നു. ജുന്‍ജുന്‍വാലയും വെടിക്കെട്ട് താരം യൂസഫ് പത്താനും പെട്ടന്ന്‌ പുറത്തായതോടെ സ്കോറിംഗ് പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറുകളില്‍ റൗത്തും വോഗ്‌സും നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന്റെ സ്കോര്‍ 130ല്‍ എത്തിച്ചത്‌. റൗത്ത്‌ 20 പന്തില്‍ 32 റണ്‍സ് നേടി. പങ്കജ്‌ സിങ്‌ രണ്ട് വിക്കറ്റും സ്റ്റെയ്‌നും വിനയ്കുമാറും കാലിസും ഓരോ വിക്കറ്റ്‌ വീതവും വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :