രാഖിയുടെ ‘ഐറ്റം’ ക്രിക്കറ്റിലും

IFMIFM
നൃത്ത ചുവടുകള്‍ക്കൊപ്പം വാചക കസര്‍ത്തിന്‍റെ പേരിലും മാധ്യമത്താളുകളില്‍ നിറയുന്ന ബോളിവുഡിലെ ഐറ്റം ഡാന്‍സര്‍ രാഖി സാവന്ത് ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ ചിയര്‍ ലീഡര്‍മാരുടെ സംഘമായ ഐസി‌എല്‍ സിബ്രാസിന്‍റെ നായികയാണ് വിവാദ സുന്ദരി ക്രിക്കറ്റ് ലോകത്ത് അവതരിക്കുന്നത്.

ടീമുകള്‍ക്കൊപ്പം കാണികള്‍ക്കും ആവേശം പകരുന്ന അല്‍പ്പവസ്ത്രധാരിണികളായ ചിയര്‍ ലീഡര്‍മാര്‍ ഐസി‌എല്ലിലും ബിസിസിഐയുടെ ഐപി‌എല്ലിലും വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചിയര്‍ ലീഡര്‍മാരുടെ പ്രകടനം ആഭാസകരമാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇവരുടെ സാനിധ്യം തങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതായി ചില ക്രിക്കറ്റ് താരങ്ങളും പരാതിപ്പെട്ടിരുന്നു. സാംസ്കാരിക സംരക്ഷണത്തിന്‍റെ പേരില്‍ ഇവര്‍ക്കെതിരെ പല സംഘടനകളും നടപടി ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഒരു നൃത്തചുവടും ആഭാസകരമല്ലെന്നും ഇന്ത്യന്‍ സംസ്കാരത്തെ മനസില്‍ സൂക്ഷിച്ച് കൊണ്ടായിരിക്കും താനും സംഘവും പ്രകടനം നടത്തുകയെന്നും രാഖി പറഞ്ഞു. ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തിനും രാഖി പതിവ് തെറ്റിക്കാതെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുകയും ചെയ്തു.

എല്ലാവരും ഇഷ്ടപ്പെടുന്ന ഷാരുഖ് ഖാന്‍ ചന്ദ്രനും താന്‍ ഒരു നക്ഷത്രവുമാണെന്നുമായിരുന്നു രാഖിയുടെ മറുപടി. എന്നാല്‍ ചന്ദ്രനില്‍ ആര്‍ക്കും എത്തിച്ചേരാമെന്നും എന്നാല്‍ നക്ഷത്രങ്ങളെ തൊടാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കാനും ഐറ്റം സുന്ദരി മറന്നില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിനെ നഖശിഖാന്തം എതിര്‍ക്കുന്ന ബിസിസിഐ പ്രസിഡന്‍റ് ശരത് പവാറിനെയും ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോദിയേയും തങ്ങളോടൊപ്പം ഐസി‌എല്‍ മത്സരം കാണാന്‍ രാഖി ക്ഷണിക്കുകയും ചെയ്തു.

മുംബൈ| WEBDUNIA|
ഹൈദരാബാദില്‍ ഓക്ടോബര്‍ പത്തിന് നടക്കുന്ന ഐസി‌എല്‍ മത്സരത്തിലാണ് രാഖിയുടെയും സംഘത്തിന്‍റെയും അരങ്ങേറ്റം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :