യൂസഫും കോലിയും തുണയായി; ഇന്ത്യയ്ക്ക് 6 വിക്കറ്റ് വിജയം
ഹരാരെ|
WEBDUNIA|
ഏകദിനങ്ങളിലെ തുടര്‍ പരാജയം പഴങ്കഥയാക്കി ‘കുട്ടിക്കളി’യില്‍ ഇന്ത്യയ്ക്ക് വിജയം. ഹരാരെയില്‍ നടന്ന സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. യൂസഫ് പത്താ(36*)ന്റെയും വിരാട് കോലി(26*)യും പ്രകടനമാണ് ഇന്ത്യയെ വിജയതീരമണച്ചത്.
ആദ്യകളിയിലെ ആധികാരിക വിജയത്തോടെ രണ്ടുമത്സരം മാത്രമുള്ള പരമ്പരയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമാണെടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെയും തുടക്കം നിരാശാജനകമായിരുന്നു.
ആദ്യ അമ്പത് റണ്‍സിനിടെ ഇന്ത്യയുടെ നാലു ബാറ്റ്സ്മാന്മാര് കൂടാരം കയറി. മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ മുരളി വിജയ്(5)ക്കും നമാന്‍ ഓജ(2)യ്ക്കും കഴിഞ്ഞില്ല. ഇവര്‍ക്കു പിന്നാലെയെത്തിയ നായകന് സുരേഷ് റെയ്ന 17 പന്തുകളില്‍ 28 റണ്‍സ് എടുത്ത് പിന്‍വാങ്ങി. കൂട്ടിനെത്തിയ രോഹിത് ശര്‍മയ്ക്ക് 10 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
പിന്നീടാണ് വിജയകൂട്ടുകെട്ട് പിറന്നത്. മൂന്ന് ബൌണ്ടറിയുടെയും ഒരു സിക്സറിന്റെയും പിന്‍ബലത്തിലായിരുന്നു വിരാട് കോലിയുടെ 26* റണ്‍സ്. 24 പന്തുകളില്‍ നിന്നാണ് യൂസഫ് പത്താന് 37* റണ്‍സ് എടുത്തത്. ഇതില്‍ 3 കൂറ്റന്‍ സിക്സറുകളും രണ്ട് ബൌണ്ടറികളും ഉള്‍പ്പെടുന്നു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയ്ക്കു വേണ്ടി ചാമു ചിഭഭ 40 റണ്‍സും ക്രേഗ് ഇര്വിന് 30 റണ്‍സും നേടി. ഇന്ത്യയുടെ വിനയ്കുമാര്‍ മൂന്നും അശോക് ദിന്‍ഡ, പ്രഗ്യാന്‍ ഓജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. പിയൂഷ് ചൌള, ആര് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.