യൂനിസിന്‍റെ ചിറകില്‍ പാക്

കറാച്ചി| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (18:56 IST)
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ യൂനിസ് ഖാന്‍റെ കരുത്തില്‍ ലങ്കയോട് പൊരുതുകയാണ് പാകിസ്ഥാന്‍. വന്‍ പരാജയത്തില്‍ നിന്നാണ് രക്ഷകന്‍റെ റോള്‍ ഏറ്റെടുത്ത് യൂനിസ് ടീമിനെ കരയ്ക്കടുപ്പിക്കുന്നത്. ഏഴ് വിക്കറ്റുകള്‍ കൈവശമുള്ള പാകിസ്ഥാന് ലങ്ക ഉയര്‍ത്തിയ 644 റണ്‍സിന്‍റെ ലക്‍ഷ്യം മറികടക്കണമെങ്കില്‍ ഒന്നാമിന്നിംഗ്സില്‍ 348 റണ്‍സ് കൂടി വേണം.

282 പന്തില്‍ നിന്ന് 17 ഫോറുകളുടെ അകമ്പടിയോടെ യൂനിസ് 149 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ദ്ധസെഞ്ച്വറി നേടിയ ഷോയിബ് മാലിക് ക്യാപ്റ്റന് മികച്ച പിന്തുണയാണ് നല്‍കിയത്. 56 റണ്‍സെടുത്ത ഷോയിബിനെ മുരളീധരന്‍ റണ്ണൌട്ടാക്കുകയായിരുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ യൂനിസിനൊപ്പം 20 റണ്‍സുമായി മിസ്‌ബ ഉള്‍ ഹക്കാണ് ക്രീസില്‍.

ഏറെ കരുതലോടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെയാണ് പാകിസ്ഥാന്‍ ബാറ്റ് വീശീയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 27 റണ്‍‌സെടുത്ത മന്‍സൂറിന്‍റെ വിക്കറ്റും രാവിലെ ആതിഥേയര്‍ക്ക് നഷ്ടമായി. മെന്‍ഡിസിന്‍റെ പന്തില്‍ കീപ്പര്‍ പ്രസന്ന ജയവര്‍ധനെയ്ക്ക് ക്യാച്ച് നല്‍കി മന്‍സൂര്‍ മടങ്ങുകയായിരുന്നു.

23 റണ്‍സെടുത്ത സല്‍മാന്‍ഭട്ടിന്‍റെ വിക്കറ്റ് തുടക്കത്തിലേ പാകിസ്ഥാന് നഷ്ടമായിരുന്നു. മുരളീധരനായിരുന്നു ഭട്ടിന്‍റെ വിക്കറ്റ് കൊയ്തത്. പാകിസ്ഥാന്‍ ബൌളര്‍മാര്‍ പരാജയപ്പെട്ട പിച്ചില്‍ ലങ്കന്‍ ബൌളര്‍മാര്‍ പയറ്റിത്തെളിയുന്ന കാഴ്ചയാണ് കറാച്ചിയില്‍ കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :