മോഡിയില്ലെങ്കിലും ഐപിഎല്‍ വളരും: ബി സി സി ഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലളിത് മോഡി ഇല്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒന്നും സംഭവിക്കില്ലെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി. ഐ പി എല്ലിന്‍റെ വിജയം മോഡിയുടെ മാത്രം വിജയമല്ലെന്നും ഷെട്ടി പറഞ്ഞു. ക്രിക്കറ്റിന് ഇന്ത്യയില്‍ അതിന്‍റേതായ മൂല്യമുണ്ട്.

അതിനാല്‍ മോഡിയില്ലെങ്കിലും ഐ പി എല്‍ മുന്നോട്ടു പോകുമെന്ന് ഷെട്ടി പറഞ്ഞു. മോഡിയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനായി ഐ പി എല്‍ ഭരണസമിതി ചുമതലപ്പെടുത്തിയ വ്യക്തികൂടിയാണ് ഷെട്ടി. അടുത്ത വര്‍ഷത്തെ ഐ പി എല്‍ ഇത്തവണത്തേതിലും ആകര്‍ഷകമായിരിക്കും. ഫ്രാഞ്ചൈസി കരാറുകള്‍ റദ്ദാക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഐ പി എല്‍ നോക്കി നടത്താനായി പ്രഫഷണല്‍ സംഘത്തെ ബി സി സി ഐ നിയോഗിക്കും.

ഐ പി എല്ലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബി സി സി ഐയുടെയും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും പ്രതിച്ഛായ മോശമാക്കി. ഇത് നേരയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഐ പി എല്ലുമായി ബന്ധപ്പെട്ട് കാണാതായ രേഖകള്‍ ഹാജരാക്കാന്‍ ലളിത് മോഡിയോട് രേഖാമൂലം ആവശ്യപ്പെടും. ബി സി സി ഐയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ കൈവശം വെയ്ക്കാന്‍ മോഡിയ്ക്ക് അധികാരമില്ല. മോഡിയെ നീക്കിയതുകൊണ്ട് ഐ പി എല്ലിന്‍റെ ബ്രാന്‍ഡ് മൂല്യം ഇടിയുമെന്ന് കരുതുന്നില്ല. മോഡിയ്ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും ഷെട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :