ഐ പി എല്‍ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളുടെ നടുക്കടലില്‍ നില്‍ക്കുന്ന നിയുക്ത ഐ സി സി പ്രസിഡന്‍റും കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാറിന് മുന്‍ ഐ പി എല്‍ കമ്മീഷണല്‍ ലളിത് മോഡിയുടെ പിന്തുണ. പവാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മോഡി പറഞ്ഞു.
പൂനെ ടീമിനെ സ്വന്തമാക്കാന്‍ ശ്രമിച്ച അനിരുദ്ധ ദേശ്‌പാണ്ഡെ സ്വന്തം നിലയ്ക്കാണ് ടീമിനു വേണ്ടി ശ്രമിച്ചതെന്നും മോഡി പറഞ്ഞു. വസ്തുതകള്‍ എല്ലാവര്‍ക്കും മുന്നിലുണ്ടെന്നും പവാര്‍ നേരിട്ടോ അല്ലാതെയോ ടീമിനു വേണ്ടി ശ്രമിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു.
ഇക്കാര്യത്തില്‍ പവാറിന്‍റെയും കുടുംബാംഗങ്ങളുടെയും കൈകള്‍ ശുദ്ധമാണ്. ആരെങ്കിലും ചോര്‍ത്തി നല്‍കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ വലിയ സംഭവാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ബോര്‍ഡിലിരിക്കുന്ന ആരോ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ട്. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മോഡി പറഞ്ഞു.
സാമ്പത്തിക ക്രമക്കേടിന്‍റെ പേരില്‍ ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായ മോഡിയെ അവസാന നിമിഷം വരെ സംരക്ഷിച്ചത് ശരദ് പവാറായിരുന്നു. ഇതിനുളള പ്രത്യുപകാരമാണ് പവാറിന് അനുകൂല പ്രസ്താവനയുമായി മോഡി രംഗത്തെത്തിയതെന്നാണ് കരുതുന്നത്.