തട്ടിയേക്കും; മോഡി ഇന്ത്യയിലേക്കില്ല

WEBDUNIA|
PRO
PRO
എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‌ മുന്നില്‍ ഹാജരാകാന്‍ ലളിത് മോഡിക്ക് പ്രശ്നമൊന്നും ഇല്ലെന്നും എന്നാല്‍ ഇന്ത്യയില്‍ വരികയാണെങ്കില്‍ ജീവന്‌ ഭീഷണിയുള്ളത് കൊണ്ട് ലണ്ടനില്‍ തന്നെ മോഡി തുടരേണ്ടത് അനിവാര്യമാണെന്നും മോഡിയുടെ അഭിഭാഷകന്‍ മെഹ്‌മൂദ് അബ്‌ദി പറഞ്ഞു. മോഡിയെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മെഹ്‌മൂദ് അബ്‌ദി പറഞ്ഞു.

“ലളിത് മോഡി ഇന്ത്യയിലേക്ക് വരും. എന്നാല്‍ ഒരു തീയതി പറയാന്‍ ഇപ്പോളാകില്ല. സാഹചര്യം മാറുന്നില്ലെങ്കില്‍ ലണ്ടനില്‍ തന്നെ തുടരാനാണ്‌ മോഡിയുടെ തീരുമാനം. ഇന്ത്യയില്‍ മോഡിയുടെ ജീവന്‌ ഭീഷണിയുണ്ട്” - മുംബൈയില്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മോഡിക്കയച്ച ഷോകോസ് നോട്ടീസിനെ പറ്റി പ്രതികരിക്കുമ്പോഴാണ്‌ മെഹ്‌മൂദ് അബ്‌ദി ഇങ്ങിനെ പറഞ്ഞത്.

മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയാണെന്നും അങ്ങിനെ ചെയ്യാതിരിക്കണമെങ്കില്‍ മതിയായ കാരണം കാണിക്കണം എന്നും കാണിച്ചാണ്‌ മോഡിക്ക് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഷോകോസ് നോട്ടീസ് അയച്ചത്. നോട്ടീസിന്‌ മറുപടി പറയാനുള്ള അവസാന ദിവസം വ്യാഴാഴ്ച ആയിരുന്നു.

കോടികള്‍ മുക്കിയ ക്രമക്കേടുകളെ പറ്റി കൃത്യമായ വിശദീകരണം നല്‍കാന്‍ മോഡിക്ക് ആകുന്നില്ലെങ്കില്‍ മോഡിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും എന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഷോകോസ് നോട്ടീസിന്‌ അഭിഭാഷകന്‍ വഴി മറുപടി നല്‍കിയ മോഡി, എപ്പോള്‍ വേണമെങ്കിലും എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‌ തന്നെ ചോദ്യം ചെയ്യാമെന്നും എന്നാല്‍ ഇന്ത്യയില്‍ വച്ച് അത് നടക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ എത്തിയാല്‍ തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കും എന്നാണ്‌ ഇതിന്‌ കാരണമായി മോഡി പറയുന്നത്.

ഇന്ത്യയില്‍ പലര്‍ക്കും ജീവാപായ ഭീഷണി ഉണ്ടെന്നും എന്നാല്‍ ആരും ഇന്ത്യ വിട്ട് ലണ്ടനിലോ പാരീസിലോ പോയി താമസിക്കുന്നില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു. മോഡിക്ക് ജീവാപായ ഭീഷണി ഉണ്ടെന്ന് അറിയിച്ചാല്‍ സര്‍ക്കാര്‍ തന്നെ സം‍രക്ഷണം നല്‍കുമെന്നിരിക്കേ, ലണ്ടനില്‍ പോയി താമസിക്കുകയും എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ലണ്ടനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണെന്നും നിയമവിദഗ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :