ജേസന്‍ ഗില്ലസ്പിയും തിരിച്ചിറങ്ങുന്നു

PROPRO
മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ജേസണ്‍ ഗില്ലെസ്പിക്കും കാത്തിരുന്നു മടുത്തു. വിരമിച്ച പ്രമുഖ താരങ്ങളുടെ പട്ടികയിലേക്ക് മറയുകയാണ് ടെസ്റ്റ് ചരിത്രത്തില്‍ ഡബിള്‍ സെഞ്ച്വറി പേരിലാക്കിയിട്ടുള്ള ഒരേയൊരു ഫാസ്റ്റ്ബൌളറായ ഗില്ലെസ്പിയും. 32 കാരനായ ഗില്ലെസ്പി ഒന്നാംക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.

“ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയത് ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു എന്ന ഊഹാപോഹം അവസാനിപ്പിക്കുന്നതിനായിട്ടാണെന്ന് ഗില്ലെസ്പി പറഞ്ഞു. ജീവിതത്തില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യത്തിനായിട്ടായിരുന്നു കൂടുതല്‍ സമയം ചെലവിട്ടത്. ക്രിക്കറ്റ് എനിക്ക് സന്തോഷം നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ കറങ്ങുകയും ധാരാളം ആള്‍ക്കാരെ കാണുകയും ചെയ്തു. ” ഗില്ലെസ്പി പറഞ്ഞു.

ഇനിയും തനിക്ക് സംഭാവന ചെയ്യാമെങ്കിലും കളി അവസാനിപ്പിക്കേണ്ട സമയമായെന്ന് താരം കണ്ടെത്തുന്നു. കുടുംബ പരമായ കാരണങ്ങളാണ് താരം നിരത്തുന്നത്. മകള്‍ കൌമാര പ്രായത്തിലേക്ക് കടക്കുകയായതിനാല്‍ കറക്കം മതിയാക്കി ഇനി അവള്‍ക്കു ചുറ്റും അവളുടെ സഹോദരങ്ങള്‍ക്കും ഭാര്യയ്‌ക്കുമൊപ്പം ജീവിക്കണമെന്നും ഗില്ലെസ്പി വ്യക്തമാക്കി.

ടെസ്റ്റില്‍ 259 ഇരകളെ വീഴ്ത്തിയിട്ടുള്ള ഗില്ലസ്പി ഓസ്ട്രേലിയയുടെ ആറാമത്തെ ഉയര്‍ന്ന ടെസ്റ്റ് വിക്കറ്റ് സമ്പാദ്യക്കാരനാണ്. 71 മത്സരങ്ങളില്‍ 26.13 ശരാശരിയിലാണ് താരം ഈ നേട്ടം സമ്പാദിച്ചത്. 2002-05 കാലത്തിനിടയില്‍ ഗ്ലെന്‍ മക്‍ഗ്രാത്തിനൊപ്പം ന്യൂ ബോള്‍ പങ്കാളിയായിരുന്ന ഗില്ലെസ്പി ലൈനും ലെംഗ്തും കണ്ടെത്തി ബൌള്‍ ചെയ്യുന്നതില്‍ അഗ്രഗണ്യനാണ്. 97 ഏദിനത്തില്‍ നിന്നായി 142 വിക്കറ്റുകളും പേരിലുണ്ട്.

ബൌളിംഗില്‍ മക്‍‌ഗ്രാത്തിന്‍റെ നിഴലിലായെങ്കിലും ബാറ്റിംഗില്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ കുറിക്കാന്‍ ഗില്ലസ്പിക്കായി. 2006 ബംഗ്ലാദേശിനെതിരെ നൈറ്റ് വാച്ച് മാനായി എത്തിയ ഗില്ലെസ്പി 201 നോട്ടൌട്ട് അടിച്ച് ഒരു ബൌളറുടെ ഏറ്റവും കൂടുതല്‍ റണ്‍ നേട്ടത്തിനുടമയായി. മൈക്ക് ഹസിയുമായി 320 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കണ്ടത്.

1996 ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ഗില്ലസ്പിയുടെ ടെസ്റ്റ് അരങ്ങേറ്റം. പലതവണ പിടികൂടിയ പരുക്ക് താരത്തിന്‍റെ ഒട്ടേറെ സമയങ്ങള്‍ നഷ്ടമാക്കിയിരുന്നു. 1999 ല്‍ സ്റ്റീവ് വോയ്‌ക്ക് കീഴില്‍ കളിക്കുമ്പോള്‍ കാലോടിഞ്ഞ ഗില്ലെസ്പി 15 മാസമാണ് കളിയില്‍ നിന്നും വിട്ടു നിന്നത്. 2005-06 ലെ ആഷസിനുള്ള ടീമില്‍ നിന്നും വീണ്ടും തഴയപ്പെട്ട ഗില്ലസ്പി പിന്നീട് തിരിച്ചെത്തിയത് 2006 ലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു.

മെല്‍‌ബണ്‍: | WEBDUNIA| Last Modified വെള്ളി, 29 ഫെബ്രുവരി 2008 (12:20 IST)
മാധ്യമങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നതിനാണ് ഗില്ലെസ്പി കളം വിടുന്നതെന്നാണ്. അതേസമയം ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്നും പ്രമുഖതാരങ്ങള്‍ മടങ്ങുന്ന പ്രവണത ശക്തമാകുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഒട്ടേറെ താരങ്ങള്‍ വിരമിച്ചു. ബ്രാഡ് ഹോഗ്, ഗില്‍ക്രിസ്റ്റ്, മക് ഗില്‍, മക്ഗ്രാത്ത് വിരമിക്കുന്നവരുടേയും വിരമിക്കാനിരിക്കുന്നവരുടെയും നിര അങ്ങനെ പോകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :